പാരിസ്: ഫ്രാന്സില് വിവിധ ആവശ്യങ്ങളുന്നയിച്ച് നടന്ന പ്രതിഷേധങ്ങള് അക്രമാസക്തമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് വ്യാപക സംഘര്ഷവും കൊള്ളയും തീവെപ്പും. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 1,200-ലധികം പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്ട്ട്. ഏകദേശം 5.5 ലക്ഷം പേര് തെരുവിലിറങ്ങിയ പ്രതിഷേധത്തിനിടെ 150 പൊലീസുകാര്ക്ക് പരിക്കേറ്റതായി പ്രധാനമന്ത്രി സെബാസ്റ്റ്യന് ലെകോര്ണു അറിയിച്ചു.
തലസ്ഥാനമായ പാരിസില് കലാപനിയന്ത്രണ പൊലീസ് കണ്ണീര്വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നഗരത്തിലും മറ്റു പ്രദേശങ്ങളിലും കെട്ടിടങ്ങള്ക്ക് തീയിട്ടു. ലിമോജസിലെ നഗരസഭാ മന്ദിരത്തിലുണ്ടായ വന് തീപിടിത്തത്തില് കെട്ടിടത്തിന്റെ മേല്ക്കൂരയുടെ ഒരുഭാഗം തകര്ന്നുവീണു. നിരവധി നഗരങ്ങളില് കടകള് കൊള്ളയടിക്കുകയും നഗരസഭാ മന്ദിരങ്ങള്ക്കും വ്യാപാര സ്ഥാപനങ്ങള്ക്കും നേരെ ആക്രമണമുണ്ടാകുകയും ചെയ്തു.
പാരിസില് ഉച്ചയോടെ ആരംഭിച്ച പ്രധാന പ്രതിഷേധ മാര്ച്ച് പൊതുവെ സമാധാനപരമായിരുന്നെങ്കിലും വൈകുന്നേരമായതോടെ സ്ഥിതിഗതികള് വഷളായി. ചില യുവാക്കള് തങ്ങള് സമാധാനപരമായി മാറ്റം ആവശ്യപ്പെടുന്നവരാണെന്നും എന്നാല് കാര്യങ്ങളില് പുരോഗതിയുണ്ടാകുന്നില്ലെന്നും ബി ബി സിയോട് പറഞ്ഞു.
പിന്നീട് ചില സംഘങ്ങള് തെരുവുകളില് തീയിടുകയും വാഹനങ്ങള് കത്തിക്കുകയും ചെയ്തു. നഗരമധ്യത്തിലെ പ്രശസ്തമായ പ്ലാസ് ദെ ല റിപ്പബ്ലിക് ഉള്പ്പെടെയുള്ള മേഖലകളിലും അക്രമസംഭവങ്ങളുണ്ടായി. കടകള് തകര്ത്തു കൊള്ളയടിച്ചു. ഒരു റെസ്റ്റോറന്റ് പൂര്ണമായും കത്തിനശിച്ചതായും റിപ്പോര്ട്ടുണ്ട്.
ചില പ്രതിഷേധക്കാര് തമ്മില് ഏറ്റുമുട്ടുന്നതും പൊലീസ് ജനക്കൂട്ടത്തിനു നേരെ പാഞ്ഞടുത്ത് ലാത്തി ഉപയോഗിച്ച് മര്ദിക്കുന്നതും കണ്ടതായി ബി ബി സി റിപ്പോര്ട്ട് ചെയ്തു.
ലിയോണിലെ വിനോദസഞ്ചാര ഓഫീസ് കത്തിച്ചതിനെ നഗരത്തിന് വലിയ ദുരന്തമെന്നാണ് മേയര് ഗ്രിഗറി ദൂസെ വിശേഷിപ്പിച്ചത്. ചരിത്രപ്രാധാന്യവും നഗരത്തിന്റെ പ്രതീകാത്മക സ്ഥാനവുമുള്ള കെട്ടിടമാണ് അഗ്നിക്കിരയായതെന്ന് അദ്ദേഹം ബി എഫ് എം ടി വി ചാനലിനോട് പറഞ്ഞു.
തീപിടിത്തം സുരക്ഷിതമായി അണയ്ക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമങ്ങളെ 'ശത്രുതാപരമായ വ്യക്തികള്' തടസ്സപ്പെടുത്തിയതായി പ്രാദേശിക പൊലീസ് അറിയിച്ചു.
ലിമോജസിലെ നഗരസഭാ മന്ദിരത്തിലുണ്ടായ തീപിടിത്തത്തില് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്ന്നുവീണതായി പ്രാദേശിക ഭരണകൂടവും സ്ഥിരീകരിച്ചു.
തെക്കുകിഴക്കന് ഫ്രാന്സിലെ സെന്റ്- എറ്റിയേനില് ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു യുവാവിന്റെ കൈ അറ്റുപോയതായി നഗരത്തിലെ മേയര് റെജിസ് ജുവാനിക്കോ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇത്തരമൊരു ദുരന്തം ഒരിക്കലും സംഭവിക്കാന് പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്, മാര്സെയ്, റെന്നസ്, ടുലൂസ്, ആംഗേര്സ് തുടങ്ങിയ നഗരങ്ങളില് മുഖംമൂടി ധരിച്ചവര് ആസൂത്രിതമായ അക്രമപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഗ്രെനോബിള്, അവിഞ്ഞോണ്, പോ, മോണ്പെലിയര്, വാലന്സ് എന്നിവിടങ്ങളിലും കെട്ടിടങ്ങള്ക്കും സ്ഥാപനങ്ങള്ക്കും നാശനഷ്ടങ്ങളുണ്ടായി. പാരിസില് വസ്ത്രശാലകളും ഭക്ഷ്യവസ്തുക്കള് വില്ക്കുന്ന കടകളും കൊള്ളയടിച്ചു. ലില്ലിലെ ആപ്പിള് സ്റ്റോറില് അതിക്രമിച്ചുകയറിയ സംഘം കടയിലെ സാധനങ്ങള് കൊള്ളയടിച്ചതായും റിപ്പോര്ട്ടുണ്ട്.
ഗ്രെനോബിളില് മുഖംമൂടി ധരിച്ചവര് വിനോദസഞ്ചാരികള്ക്കായി ഉപയോഗിക്കുന്ന ട്രെയിന് ഓടിച്ച് നഗരമധ്യത്തിലെ ഇടുങ്ങിയ തെരുവിലൂടെ കലാപനിയന്ത്രണ പൊലീസുകാര്ക്കു നേരെ നീങ്ങുന്ന ദൃശ്യങ്ങള് ബി ബി സി വെരിഫൈ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ സെക്കന്ഡറി സ്കൂളുകളിലെ അധ്യാപകരുടെ കുറവും ജീര്ണിച്ച അടിസ്ഥാനസൗകര്യങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്ഥികള് ആഴ്ചകളായി പ്രതിഷേധിച്ചുവരികയാണ്. 15 മുതല് 18 വയസ്സുവരെയുള്ള വിദ്യാര്ഥികള് പഠിക്കുന്ന ലിസേ സ്കൂളുകളിലെ പ്രശ്നങ്ങളാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ശനിയാഴ്ച നടന്ന പ്രതിഷേധത്തില് തൊഴിലാളി സംഘടനകളും മറ്റു പ്രതിഷേധ ഗ്രൂപ്പുകളും പങ്കുചേര്ന്നതോടെ ജനപങ്കാളിത്തം വര്ധിച്ചു. 2018 മുതല് ജീവിതച്ചെലവിലെ വര്ധനവിനെതിരെ ഒരു വര്ഷത്തിലേറെ നീണ്ട പ്രക്ഷോഭം നടത്തിയ 'യെല്ലോ വെസ്റ്റ്' പ്രസ്ഥാനത്തിലെ അംഗങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. ഫ്രാന്സിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ദീര്ഘകാലം നിലനിന്ന പ്രതിഷേധ പ്രസ്ഥാനങ്ങളിലൊന്നായിരുന്നു ഇത്.
രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിഷേധങ്ങള് ശക്തമായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണിന്റെ കാലാവധി അടുത്ത വര്ഷം അവസാനിക്കാനിരിക്കെ, ഏപ്രിലില് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില് നാഷണല് റാലി നേതാവ് മറീന് ലെ പെന്നും ഇടതുപക്ഷ പാര്ട്ടിയായ ലാ ഫ്രാന്സ് ഇന്സൂമീസിന്റെ നേതാവ് ജീന്-ലൂക് മെലന്ഷോണും തമ്മില് പ്രധാന മത്സരം നടക്കാമെന്നാണ് അഭിപ്രായ സര്വേകള് സൂചിപ്പിക്കുന്നത്.
പ്രതിഷേധങ്ങളില് പങ്കെടുത്ത മെലന്ഷോണ്, പ്രതിഷേധക്കാര്ക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചു. അതേസമയം, കൊള്ളയെയും തീവെപ്പിനെയും അദ്ദേഹം അപലപിക്കുകയും ചെയ്തു.
മെലന്ഷോണിന്റെ പ്രസ്താവനകള് അപകടകരവും അവസരവാദപരവുമാണെന്ന് പ്രധാനമന്ത്രി ലെകോര്ണു വിമര്ശിച്ചു. പൊലീസിന് നേരിടേണ്ടിവന്നത് അതിതീവ്രമായ അക്രമമാണെന്നും ചില സംഘങ്ങള് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായി പ്രതിഷേധത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിലൂടെ രാഷ്ട്രീയ അജന്ഡ നടപ്പാക്കാന് ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങളെ തീവ്ര ഇടതുപക്ഷം ബന്ദിയാക്കിയിരിക്കുകയാണെന്ന് മറീന് ലെ പെന് ആരോപിച്ചു. അക്രമം ആളിക്കത്തിക്കുന്നതില് മെലന്ഷോണിന് പങ്കുണ്ടെന്നും അവര് കുറ്റപ്പെടുത്തി.
നഗരസഭാ മന്ദിരങ്ങള്ക്കും ഭരണകൂട ഓഫീസുകള്ക്കും വ്യാപാര സ്ഥാപനങ്ങള്ക്കും നേരെ ആക്രമണം നടത്തുകയും കൊള്ളയടിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില് കൊണ്ടുവന്ന് ശിക്ഷിക്കുമെന്ന് പ്രസിഡന്റ് മാക്രോണ് മുന്നറിയിപ്പ് നല്കി.
പ്രതിഷേധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സര്ക്കാര് ചില ഇളവുകള് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര് എട്ടിന് ടെലിവിഷന് അഭിമുഖത്തില് വിദ്യാഭ്യാസ മന്ത്രി എഡ്വാര്ഡ് ഗെഫ്രേ 3,000 അധിക താല്ക്കാലിക അധ്യാപകരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
എന്നാല്, സര്ക്കാര് പ്രഖ്യാപനങ്ങള്ക്കു ശേഷവും പ്രതിഷേധം അവസാനിച്ചിട്ടില്ല. പകരം, കൂടുതല് ശക്തമാകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്ക്കുന്നത്.
