കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തല്‍ തകര്‍ന്നു; തിക്കിലും തിരക്കിലും 25 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തല്‍ തകര്‍ന്നു; തിക്കിലും തിരക്കിലും 25 പേര്‍ക്ക് പരിക്ക്


കൊല്‍ക്കത്ത: ദുര്‍ഗാപൂജ പന്തലിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും കുറഞ്ഞത് 25 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച സപ്തമി ആഘോഷങ്ങള്‍ക്കിടെയാണ് ചോര്‍ബഗാന്‍ സര്‍വജനീന്‍ ദുര്‍ഗാപൂജ പന്തലില്‍ അപകടമുണ്ടായത്.

ദുര്‍ഗാദേവിയെ ദര്‍ശിക്കാനും പൂജാഘോഷങ്ങളില്‍ പങ്കെടുക്കാനുമായി വന്‍ ജനക്കൂട്ടം പന്തലിലേക്ക് എത്തിയതിനിടെ ജനത്തിരക്ക് വര്‍ധിക്കുകയും പന്തലിന്റെ ഒരു ഭാഗം തകരുകയുമായിരുന്നു. ഇതോടെ സ്ഥലത്ത് പരിഭ്രാന്തിയും തിക്കിലും തിരക്കിലും പെട്ടുള്ള അവസ്ഥയും ഉണ്ടായി. 

പരിക്കേറ്റവരെ ഉടന്‍ സ്ഥലത്തുനിന്ന് മാറ്റി കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും പൂജാ സംഘാടകര്‍ രംഗത്തെത്തി. വിവരമറിഞ്ഞ് പൊലീസും ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പരിക്കേറ്റവരെ പ്രവേശിപ്പിച്ച കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ആരോഗ്യമന്ത്രി ഡോ. ശരദ്വത് മുഖര്‍ജിയും എത്തിയതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തെക്കുറിച്ചും പരിക്കേറ്റവരുടെ ചികിത്സയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.