പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ സമൻസ് ഒട്ടിച്ച് ഇഡി; ജനാധിപത്യ വിരുദ്ധമെന്ന് സിപിഎം

പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ സമൻസ് ഒട്ടിച്ച് ഇഡി; ജനാധിപത്യ വിരുദ്ധമെന്ന് സിപിഎം


തിരുവനന്തപുരം: മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ നോട്ടിസ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ ഉദ്യോഗസ്ഥർ പതിപ്പിച്ചു. ബേക്കറി ജംക്ഷന് സമീപമുള്ള വീട്ടിൽ അദ്ദേഹം ഇല്ലാതിരുന്നതിനാലാണ് നടപടി. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘത്തിൻ്റെ നിർദേശം.

പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണുള്ളത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന മറുപടി നൽകാനാണ് പ്രതിപക്ഷ നേതാവ് ഒരുങ്ങുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇഡി അതിവേഗം മുന്നോട്ടു നീക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമൻസ് കൈപ്പറ്റാൻ വീട്ടിൽ ആരുമില്ലാതിരുന്നതിനാലാണ് അത് പതിപ്പിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. തപാലിൽ അയച്ചാൽ കൈപ്പറ്റാതിരിക്കാനും, അതിൻ്റെ പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് വീട്ടിൽ നേരിട്ടെത്തി സമൻസ് പതിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇത് തികച്ചും സാധാരണ നടപടിക്രമം മാത്രമാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിശദീകരണം.

മുൻപും സംഘർഷം
മാസങ്ങൾക്ക് മുൻപ് ബേക്കറി ജംക്ഷനിലെ ഈ വാടക വീട്ടിൽ ഇഡി മൊഴിയെടുക്കാൻ എത്തിയപ്പോൾ വലിയ പ്രതിഷേധമാണ് ഉണ്ടായത്. സിപിഎം നേതാക്കളും പ്രവർത്തകരും അന്ന് സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. തുടർന്നുണ്ടായ അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും അവർ എത്തിയ വാഹനം തകർക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്ന് നിരവധി സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. 

ജനാധിപത്യ വിരുദ്ധമെന്ന് സിപിഎം
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണെന്ന കാര്യം പോലും പരിഗണിക്കാതെയാണ് ഇഡി പെരുമാറുന്നതെന്ന് പിണറായി വിജയൻ്റെ വീട്ടിലെത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് കണ്ടുകിട്ടാത്ത ആളല്ലെന്നും അദ്ദേഹം നാടുവിട്ടു പോയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ബലം പ്രയോഗിച്ചാണ് ഇഡി നോട്ടിസ് ഒട്ടിച്ചത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ഉദ്യോഗസ്ഥർ ആദ്യം രണ്ടു തവണ വന്നിട്ടു മടങ്ങിപ്പോയിരുന്നു. പിന്നീട് മൂന്നാം തവണ പൊലീസുകാരുമായി എത്തിയാണ് നോട്ടിസ് പതിപ്പിച്ചത്. സംസ്ഥാന സർക്കാരും ഈ നടപടികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീട്ടിലുണ്ടായിരുന്നവരോട് സമൻസ് പതിപ്പിക്കുന്നതിന് സാക്ഷിയാകണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും ആരും അതിന് തയ്യാറായില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. 

ഇഡി നടപടികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രം​ഗത്തെത്തി. ഇഡിയും ബിജെപിയും ചേര്‍ന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസാണിത്, ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല്‍ രാഷ്ട്രീയ നാടകമാണെന്നും ഡല്‍ഹി സമരത്തെ വഴി തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.