ലൈംഗിക പീഡനത്തിന് ഇരയായെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം

ലൈംഗിക പീഡനത്തിന് ഇരയായെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം


സിഡ്‌നി: താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന ആരോപണവുമായി ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് അംഗം രംഗത്ത്. സെന്‍ട്രല്‍ ക്യൂന്‍സ്ലാന്റിലെ പട്ടണമായ യെപ്പൂണില്‍ വെച്ച് മയക്കുമരുന്ന് നല്‍കിയാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ പീഡിപ്പിച്ചതെന്നാണ് ലേബര്‍ എം പിയായ ബ്രിട്ടാനി ലോഗ ആരോപിക്കുന്നത്. 

യെപ്പൂണ്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ താന്‍ കഴിക്കാത്ത മരുന്നുകളുടെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതായും ഈ പദാര്‍ഥം തന്നെ സാരമായി ബാധിച്ചുവെന്നും ബ്രിട്ടാനി ലോഗ ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും അവര്‍ എഴുതി. 

പട്ടണത്തില്‍ സമാനമായ അനുഭവമുണ്ടായതായി ഒന്നിലധികം സ്ത്രീകള്‍ തന്നോട് പങ്കുവെച്ചിരുന്നതായും മയക്കുമരുന്ന് അല്ലെങ്കില്‍ ആക്രമണത്തിന് വിധേയരാകാതെ തങ്ങളുടെ നഗരത്തില്‍ സാമൂഹികമായി ആസ്വദിക്കാന്‍ കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം ലോഗയെ ആക്രമിക്കുന്നതെന്ന് കരുതുന്ന തെരുവിന്റെ മറുവശത്ത് നിന്ന് ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ആളുകളോട് ലോഗ അഭ്യര്‍ഥിക്കുകയും സംഭവത്തിന് ശേഷം ശാരീരികമായും വൈകാരികമായും സുഖപ്പെടാന്‍ സമയമെടുക്കുമെന്നും പിന്തുണയുമായി തന്നെ സമീപിച്ച എല്ലാവര്‍ക്കും നന്ദിയെന്നും നിങ്ങളുടെ ചിന്തനീയമായ സന്ദേശങ്ങളും ആംഗ്യങ്ങളും ദയയും താന്‍ ശരിക്കും വിലമതിക്കുന്നുവെന്നും പറയുന്നു. 

അന്വേഷണത്തിന് സഹായകമായ എന്തെങ്കിലും വിവരമുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടി എം പിയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ ക്വീന്‍സ്ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ക്വീന്‍സ്ലാന്‍ഡ് പ്രധാനമന്ത്രി സ്റ്റീവന്‍ മൈല്‍സ് പറഞ്ഞു. സര്‍ക്കാര്‍ ലോഗയെ പിന്തുണയ്ക്കുന്നുവെന്നും അവര്‍ കടന്നുപോകുന്ന അവസ്ഥയിലൂടെ ആരും കടന്നുപോകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.