ചൈനീസ് പൗരന്മാര്‍ക്ക് ഫ്‌ളോറിഡയില്‍ 'വീടില്ല'

ചൈനീസ് പൗരന്മാര്‍ക്ക് ഫ്‌ളോറിഡയില്‍ 'വീടില്ല'


ഫ്‌ളോറിഡ: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് നിരവധി ചൈനീസ് പൗരന്മാര്‍ക്ക് ഫ്‌ളോറിഡയില്‍ വീട് വാങ്ങാന്‍ നിയമത്തില്‍ വിലക്ക്. അമേരിക്കയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം തടയുന്നതില്‍ ഫെഡറല്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്നു വാദിച്ചാണ് മൂന്ന് ഡസനിലധികം സംസ്ഥാനങ്ങള്‍ ചൈനീസ് പൗരന്മാരും കമ്പനികളും ഭൂമി വാങ്ങുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നത്.

ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന ഫ്‌ളോറിഡയുടെ നിയമം കാര്‍ഷിക ഭൂമി വാങ്ങുന്നതില്‍ നിന്ന് ചൈനീസ് സ്ഥാപനങ്ങളെ തടയുന്നതിനു പുറമേ ഗ്രീന്‍ കാര്‍ഡ് ഇല്ലാത്ത ഭൂരിഭാഗം ചൈനീസ് വ്യക്തികളെയും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നു. 

റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്ന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് നടപടിയില്‍ ഒപ്പുവച്ചത്. 

ചൈനയാണ് അമേരിക്കയുടെ ഏറ്റവും വലിയ ഭീഷണിയെന്നാണ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഫ്‌ളോറിഡയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ട് ആവശ്യമില്ലെന്ന് ഡിസാന്റിസ് കഴിഞ്ഞ വര്‍ഷം പറഞ്ഞു. 

ഫ്‌ളോറിഡയിലെ ചൈനീസ് നിവാസികള്‍ ഈ നിയമത്തില്‍ നിരാശ പ്രകടിപ്പിച്ചു. വീട് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ വിവേചനം നേരിടേണ്ടി വരുന്നതായി ചൈനീസ് വംശജരായ താമസക്കാര്‍ പറയുന്നു. അബദ്ധവശാല്‍ നിയമം ലംഘിച്ചതാണോ എന്ന ഭയത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്.  

പൗരാവകാശ സംഘങ്ങളോ ഏഷ്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകളോ നിയമം ലംഘിച്ചതിന് ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍ ചൈന വിരുദ്ധ വികാരം ശക്തമാകുകയണെന്നാണ് ചൈനീസ് വംശജരായ ചിലര്‍ പറയുന്നത്. നിയമം നിലവില്‍ ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഭാഗമായ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലും ഈ നിയമം പ്രകടമായ തണുപ്പന്‍ ഫലമുണ്ടാക്കിയിട്ടുണ്ട്. ഫ്‌ളോറിഡയില്‍ പ്രോജക്ടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് ഡെവലപ്പര്‍മാര്‍ പലപ്പോഴും ചൈനീസ് നിക്ഷേപകരെയാണ് ആശ്രയിക്കുന്നത്. 

ചൈനയിലെ 'താമസക്കാരായ' യു എസ് പൗരത്വമോ സ്ഥിര താമസമോ ഇല്ലാത്തവര്‍ക്കും ഈ നിയമം സാങ്കേതികമായി ബാധകമാണ്. നിയമം ലംഘിച്ചാല്‍ വില്‍പ്പനക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്കും ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.