ഗാസ യുദ്ധ വാര്‍ത്തകള്‍; അല്‍ ജസീറയെ നിരോധിച്ച് ഇസ്രായേല്‍

ഗാസ യുദ്ധ വാര്‍ത്തകള്‍; അല്‍ ജസീറയെ നിരോധിച്ച് ഇസ്രായേല്‍


ജറുസലേം: അല്‍ ജസീറ ചാനലിന്റെ ഇസ്രായേലിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ ഏകകണ്ഠമായി തീരുമാനിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 

അറബിയിലും ഇംഗ്ലീഷിലുമുള്ള അല്‍ ജസീറയുടെ ഇസ്രായേലിലെ ചാനലിന്റെ സംപ്രേക്ഷണം ഉടന്‍ നിര്‍ത്താന്‍ ഉത്തരവിടാന്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കാര്‍ഹിയെ നെതന്യാഹു അധികാരപ്പെടുത്തി.

നിരോധനത്തിന് പിന്നാലെ അല്‍ ജസീറയെ ഇസ്രായേലിലെ ഓഫീസുകള്‍ അടച്ചുപൂട്ടേണ്ടി വരും. അല്‍ ജസീറയുടെ ഇസ്രായേലിലെ ഉകരണങ്ങള്‍ കണ്ടുകെട്ടാന്‍ കര്‍ഹി ഉത്തരവിട്ടതായി ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. 

നെറ്റ്വര്‍ക്കിന്റെ വെബ്സൈറ്റിലേക്കുള്ള ആക്സസ് ഇസ്രായേലിനുള്ളില്‍ തടയപ്പെടും.

ഇസ്രയേലിലെയും പാലസ്തീന്‍ പ്രദേശങ്ങളിലെയും അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ തീരുമാനത്തെ 'അപകടകരം' എന്നും പ്രൊഫഷണല്‍ പരിഗണനകളേക്കാള്‍ രാഷ്ട്രീയമെന്നുമാണ് അല്‍ജസീറ വിശേഷിപ്പിച്ചത്. 

അല്‍ ജസീറയെ നിരോധിക്കാനുള്ള നീക്കം കുറച്ചുകാലമായി ഇസ്രായേലിന്റെ പരിഗണനയിലുണ്ട്. ഒക്ടോബര്‍ ഏഴിലെ സംഭവങ്ങളെത്തുടര്‍ന്ന് ഗാസയ്ക്കെതിരായ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഖത്തറി വാര്‍ത്താ ശൃംഖലയോടുള്ള ഇസ്രായേലിന്റെ ശത്രുത തീവ്രമായി.

ഏപ്രില്‍ ആദ്യം സുരക്ഷാ ഭീഷണിയായി കരുതുന്ന വിദേശ ചാനലുകളുടെ സംപ്രേഷണം നിരോധിക്കാനുള്ള അധികാരം ഇസ്രായേല്‍ നെതന്യാഹുവിന് നല്‍കിയിരുന്നു. അല്‍ ജസീറയെ ഉദ്ദേശിച്ചാണ് ഈ നീക്കം നടത്തിയത്. 

അല്‍ ജസീറ ഇനി ഇസ്രായേലില്‍ നിന്ന് സംപ്രേഷണം ചെയ്യില്ലെന്നും ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പുതിയ നിയമം അനുസരിച്ച് ഉടനടി പ്രവര്‍ത്തിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നുവെന്നും നെതന്യാഹു നേരത്തെ എക്സില്‍ കുറിച്ചിരുന്നു. 

അല്‍ ജസീറയെ നിശബ്ദമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഇസ്രായേലി ആക്രമണങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്നാണ് അല്‍ ജസീറ പ്രതികരിച്ചത്. 

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വാര്‍ത്താ ശൃംഖലയാണ് അല്‍ ജസീറ. ഇസ്രായേലിന്റെ ഗാസ യുദ്ധത്തില്‍ രണ്ട് അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരും അവരുടെ നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. അല്‍ ജസീറ ഓഫിസിനു നേരേയും നിരവധി തവണ ബോംബാക്രമണങ്ങള്‍ നടന്നിരുന്നു. 

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍ നിര്‍ണായക പങ്ക് വഹിക്കവെ അല്‍ ജസീറ നിരോധിക്കാനുള്ള നീക്കം പുതിയ മാനങ്ങള്‍ നല്‍കിയേക്കും.