റിയാദ്: സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളം, അരാംകോയുടെ റാബിഗ് റിഫൈനറി, തെക്കൻ മേഖലയിലെ സൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലക്ഷ്യമിട്ടതെന്നും അരാംകോ റിഫൈനറിയിൽ തീപിടിത്തമുണ്ടായെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട ഹൂതികളുടെ അവകാശവാദങ്ങൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നിഷേധിക്കുകയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അതേസമയം, യെമനിലെ ഹൂതി നിയന്ത്രിത ഹുദൈദ തുറമുഖ മേഖലയിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ശക്തമാക്കി. ആയുധ സംഭരണ കേന്ദ്രങ്ങളും സഫോടക വസ്തുക്കൾ ഘടിപ്പിച്ച ബോട്ടുകളും നാവിക മൈനുകളും ലക്ഷ്യമിട്ടതായി സഖ്യസേന അറിയിച്ചു. ചെങ്കടലിലെ കപ്പൽപ്പാതകൾ ലക്ഷ്യമിട്ട ഹൂതികളുടെ ആക്രമണശ്രമം തടഞ്ഞതായും സേന അവകാശപ്പെട്ടു.
സംഘർഷം രൂക്ഷമായതോടെ സൗദിയുടെ സുരക്ഷ ശക്തിപ്പെടുത്താൻ തുർക്കിയും പാകിസ്താനും സൈന്യത്തെ വേഗത്തിൽ വിന്യസിക്കാൻ തീരുമാനിച്ചു. റിയാദിൽ നടന്ന അടിയന്തര യോഗത്തിന് പിന്നാലെ പുതിയ പരസ്പര പ്രതിരോധ കരാറിന്റെ ഭാഗമായി ആവശ്യമായ സൈനിക വിഭാഗങ്ങളെയും സംവിധാനങ്ങളെയും സൗദിയിൽ വിന്യസിക്കുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
ഹൂതികൾക്കെതിരെ സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേനയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാന മേഖലകൾ തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കത്തിനിടെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
റിയാദ് വിമാനത്താവളവും അരാംകോ കേന്ദ്രവും ലക്ഷ്യമിട്ട് ഹൂതി ആക്രമണം; സൗദിയിലേക്ക് സൈന്യത്തെ അയയ്ക്കാൻ തുർക്കിയും പാകിസ്താനും
