ന്യൂഡല്‍ഹി: യു എസ്- ഇറാന്‍ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്നുള്ള ഭീതിയില്‍ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ പശ്ചിമേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡച്ച് കെഎല്‍എം, ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ് എന്നിവ ഈ മേഖലയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു. ഇസ്രായേല്‍, ദുബായ്, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്. എയര്‍ ഫ്രാന്‍സ് ദുബായിലേക്കുള്ള സേവനം താത്ക്കാലികമായി നിര്‍ത്തുമെന്നാണ് വിവരം.
ഡച്ച് എയര്‍ലൈനായ കെ എല്‍ എം ഇറാനും ഇറാഖും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും നിര്‍ത്തിവെച്ചു. എയര്‍ഫ്രാന്‍സ് ടെല്‍ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളും ഗള്‍ഫ് മേഖലയിലെ മറ്റ് പ്രധാന ഹബുകളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ലുഫ്തന്‍സ ഇസ്രയേലിലേക്ക് പകല്‍ സമയപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തുന്നത്. കെ എല്‍ എം ടെല്‍ അവീവ്, ദുബായ്, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു. ഇറാഖ്, ഇറാന്‍, ഇസ്രായേല്‍, ഗള്‍ഫിലെ നിരവധി രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുണൈറ്റഡ് എയര്‍ലൈസും എയര്‍ കാനഡയും ടെല്‍ അവീവിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ഈ മേഖലയിലെ വ്യോമഗതാഗതത്തിന് മിസൈല്‍, ഡ്രോണ്‍ ഭീഷണികളുണ്ടാകാമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്.
ഇറാന് നേരെ സൈനിക നടപടി സ്വീകരിക്കാനുള്ള യു എസ് സാധ്യതയാണ് പുതിയ അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണമായത്.
