ന്യൂഡൽഹി: യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ (എസ്ഇസി) അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സാഗർ അദാനിക്കും സമൻസ് നൽകാൻ കോടതിയുടെ അനുമതി തേടിയതിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കനത്ത ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച മാത്രം ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ ഏകദേശം 12.5 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി.
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് 265 മില്യൺ ഡോളറിന്റെ കൈക്കൂലി കേസും തട്ടിപ്പാരോപണങ്ങളും നേരിടുന്ന പശ്ചാത്തലത്തിലാണ് എസ്ഇസിയുടെ പുതിയ നീക്കം. വ്യാഴാഴ്ച ഇന്ത്യൻ വിപണി ക്ലോസ് ചെയ്തതിനു ശേഷമാണ് എസ്ഇസി കോടതിയിൽ അപേക്ഷ നൽകിയ വിവരം പുറത്തുവന്നത്.
വിപണിയിൽ അദാനി എന്റർപ്രൈസസ് ഓഹരി 10.65 ശതമാനം ഇടിഞ്ഞ് 1,864.20 രൂപയിലേക്കാണ് താഴ്ന്നത്. നിഫ്റ്റി 50 സൂചിക 0.95 ശതമാനം മാത്രം താഴ്ന്നപ്പോഴാണ് അദാനി ഓഹരികളുടെ കനത്ത വീഴ്ച. ഗ്രൂപ്പിലെ മറ്റ് കമ്പനികളുടെ ഓഹരികളും 3.4 മുതൽ 14.54 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
2024 നവംബറിലാണ് അദാനി ഗ്രീൻ എനർജി ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകിയെന്ന ആരോപണവുമായി യുഎസ് അധികൃതർ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ എസ്ഇസി സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ക്രിമിനൽ കേസും ഇപ്പോഴും നിലനിൽക്കുന്നു.
അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിക്കുന്ന വിദേശ കമ്പനികൾ വിദേശത്ത് കൈക്കൂലി നൽകുന്നതും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി നിക്ഷേപം ആകർഷിക്കുന്നതും യുഎസ് നിയമപ്രകാരം കുറ്റകരമാണ്. കഴിഞ്ഞ വർഷം മുതൽ സമൻസ് നൽകാൻ എസ്ഇസി നടത്തിയ രണ്ട് ശ്രമങ്ങൾ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി ലഭ്യമായ എല്ലാ വഴികളും സ്വീകരിച്ച് ശക്തമായി പ്രതിരോധിക്കുമെന്നും ഗ്രൂപ്പ് അറിയിച്ചു. പുതിയ എസ്ഇസി അപേക്ഷയെക്കുറിച്ച് ഉടൻ പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായില്ല.
'കേസ് അവസാനിച്ചതാണെന്ന് വിപണി കരുതിയിരുന്നപ്പോളാണ് എസ്ഇസിയുടെ ഈ നീക്കം അപ്രതീക്ഷിതമായി വന്നത്്,' സ്വതന്ത്ര വിപണി വിശകലകൻ അംബരീഷ് ബാലിഗ പറഞ്ഞു. അടുത്ത ഘട്ടങ്ങൾക്ക് വ്യക്തമായ സമയക്രമമില്ലാത്തതിനാൽ വിഷയം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിപണിയെ ബാധിക്കാമെന്നും അദ്ദേഹം വിലയിരുത്തി.
എസ്ഇസി നടപടികൾ: അദാനി ഗ്രൂപ്പ് ഓഹരികൾ കൂപ്പുകുത്തി; 12.5 ബില്യൺ ഡോളറിന്റെ വിപണി മൂല്യം നഷ്ടം
