ന്യൂഡല്‍ഹി/ ധാക്ക: രാജ്യത്ത് വിഭജനങ്ങള്‍ വളര്‍ത്തുകയാണെന്ന് ആരോപിച്ച് മുഹമ്മദ് യൂനുസ് ഭരണകൂടത്തിനെതിരെ പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കടുത്ത വിമര്‍ശനം ഉയര്‍ത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രതിപക്ഷത്തെയും നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആശങ്കയും ഉയര്‍ത്തിയ ഹസീന യൂനുസ് ഭരണകൂടത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ബംഗ്ലാദേശിനെ ഏകീകരിക്കാനും കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലെ വിഭജനപരമായ നടപടികള്‍ അവസാനിപ്പിക്കാനും ആവാമി ലീഗ് നടപടികള്‍ ആവശ്യപ്പെടുന്നതായി ഹസീന പറഞ്ഞു.
സ്വന്തം ജനങ്ങളെ അവഗണിക്കുന്നത് അവസാനിപ്പിച്ച് രാജ്യത്തെ മുറിവുകള്‍ ഭേദമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യൂനുസിനോട് ആവശ്യപ്പെട്ട ഹസീന ശക്തവും മെച്ചപ്പെട്ടതുമായ ബംഗ്ലാദേശിനായി അഞ്ച് ഘട്ട പദ്ധതി വിശദീകരിച്ചു. ആദ്യം, അനിയമിക യൂനുസ് ഭരണകൂടത്തെ നീക്കി ജനാധിപത്യം പുനഃസ്ഥാപിക്കുക, രണ്ടാമതായി, തെരുവുകളില്‍ ദിവസേന കാണുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുക അവര്‍ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഹസീന അധികാരത്തില്‍ നിന്ന് നീക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ തീവ്രവാദികളില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം ഉറപ്പാക്കാന്‍ 'ഇരുമ്പുകവചം' പോലുള്ള ഉറപ്പുകള്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
നാലാമതായി, മാധ്യമ പ്രവര്‍ത്തകരെയും ബംഗ്ലാദേശ് ആവാമി ലീഗിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും അംഗങ്ങളെ ഭീഷണിപ്പെടുത്താനും നിശ്ശബ്ദരാക്കാനും ജയിലിലടയ്ക്കാനും ഉപയോഗിക്കുന്ന രാഷ്ട്രീയ പ്രേരിത നിയമനടപടികള്‍ അവസാനിപ്പിക്കണം. അഞ്ചാമതായി, കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങളെക്കുറിച്ച് പുതിയതും യഥാര്‍ഥത്തില്‍ നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്രസഭയെ ക്ഷണിക്കണംമെന്നും ഹസീന കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് യൂനുസ് പലിശക്കാരനും പണം വെളുപ്പിക്കുന്നവനും കൊള്ളയടിക്കുന്നവനും അഴിമതിക്കാരനും അധികാരലോലനുമായ ദ്രോഹിയുമാണെന്നും സ്വാര്‍ഥ ആശയങ്ങളിലൂടെ രാജ്യത്തെ രക്തപങ്കിലമാക്കുകയും മാതൃഭൂമിയുടെ ആത്മാവിനെ മലിനമാക്കിയ വ്യക്തിയെന്നുമാണ് ഹസീന വിശേഷിപ്പിച്ചത്.
യൂനുസിന്റെ ഇടക്കാല സര്‍ക്കാരിനെ 'വിദേശശക്തികള്‍ക്ക് സേവിക്കുന്ന പാവ ഭരണകൂടം' എന്ന് വിശേഷിപ്പിച്ച ഹസീന, 'ഈ ദേശീയ ശത്രുവിനെ ഏതു വിലകൊടുത്തും നീക്കം ചെയ്യണമെന്നും രക്തസാക്ഷികളുടെ രക്തത്തില്‍ എഴുതപ്പെട്ട ഭരണഘടന സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ബംഗ്ലാദേശിന്റെ ധീര പുത്രന്മാരും പുത്രിമാരും മഹത്തായ വിമോചനയുദ്ധത്തിന്റെ ആത്മാവില്‍ എഴുതണമെന്ന് ആഹ്വാനം ചെയ്തു.
തുടര്‍ച്ചയായ ആഭ്യന്തര അസ്ഥിരതയും പ്രത്യേകിച്ച് ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണ വര്‍ധനയും ഇന്ത്യയുമായുള്ള ബന്ധങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലുമാണ് ഹസീനയുടെ പരാമര്‍ശങ്ങള്‍. സമ്പദ്വ്യവസ്ഥയും ഗുരുതര വെല്ലുവിളികള്‍ നേരിടുകയാണ്.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനും ഭരണകൂട പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് ഭരണഘടനാ റഫറണ്ടം നടത്തുന്നതിനുമായി ഫെബ്രുവരി 12-ന് ബംഗ്ലാദേശ് വോട്ടെടുപ്പിന് ഒരുങ്ങുകയാണ്. എന്നാല്‍ യൂനുസ് ഭരണകൂടം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയതും നിരവധി പ്രതിപക്ഷ നേതാക്കള്‍ ജയിലില്‍ തുടരുന്നതുമൂലം തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.
2024 ഓഗസ്റ്റ് 5-ന് നടന്ന രാജ്യവ്യാപകമായ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കുശേഷം ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് നീക്കപ്പെട്ടതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റ് 8-നാണ് മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റത്. തീപിടിത്തങ്ങള്‍, സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകള്‍, മരണങ്ങള്‍, വ്യാപക അശാന്തി എന്നിവ ബംഗ്ലാദേശിന്റെ രാഷ്ട്രീയ- ഭരണ സംവിധാനത്തെ സ്തംഭിപ്പിച്ച സാഹചര്യത്തിലായിരുന്നു ഈ മാറ്റം.
