കറാച്ചി ഷോപ്പിംഗ് മാള്‍ തീപിടിത്തം: മരണസംഖ്യ 71 ആയി

കറാച്ചി ഷോപ്പിംഗ് മാള്‍ തീപിടിത്തം: മരണസംഖ്യ 71 ആയി


കറാച്ചി: ഗുല്‍ പ്ലാസ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കത്തിക്കരിഞ്ഞ ഷോപ്പിംഗ് മാളിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ 70 കടന്നത്. കറാച്ചി പൊലീസ് സര്‍ജന്‍ ഡോ. സുമയ്യ സെയ്ദ് 71 മരണങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി.

ഇതുവരെ കണ്ടെത്തിയ 16 മൃതദേഹങ്ങളില്‍ ഒന്‍പതെണ്ണം തിരിച്ചറിയല്‍ ഡി എന്‍ എ പരിശോധനയിലൂടെ മാത്രമാണ് സാധ്യമായതെന്ന് അധികൃതര്‍ അറിയിച്ചു. ആകെ 49 സാമ്പിളുകളില്‍ ഡി എന്‍ എ പരിശോധന നടത്തിയിട്ടുണ്ട്. ചില മൃതദേഹങ്ങളുടെ ഭാഗിക അവശിഷ്ടങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും 67 തലയോട്ടികള്‍ ശേഖരിക്കാനായെന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. 

ജനുവരി 17-നു രാത്രിയിലാണ് ഭീകരമായ തീപിടിത്തം ഉണ്ടായത്. തീ പൂര്‍ണമായും അണയ്ക്കാന്‍ ഏകദേശം രണ്ട് ദിവസമെടുത്തു. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്; ചില ഭാഗങ്ങള്‍ ഇടിഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്.

കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ എല്ലാ അവശിഷ്ടങ്ങളുടെയും തിരിച്ചറിയല്‍ പൂര്‍ത്തിയാകുമ്പോഴേ അന്തിമ മരണസംഖ്യ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദക്ഷിണ കറാച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ജാവേദ് നബി ഖോസോ വെള്ളിയാഴ്ച മാധ്യമങ്ങളോട്, തിരച്ചില്‍ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞു. 77 പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിന്ധ് ബില്‍ഡിംഗ് ആന്‍ഡ് കണ്‍ട്രോള്‍ അതോറിറ്റിയുടെ (എസ്ബിസിഎ) മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹുനിലകളിലായി ഏകദേശം 1,200 കടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഗുല്‍ പ്ലാസയില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വലിയ തിരക്കുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ഷോപ്പിംഗ് മാളിലെ പുറത്തേക്കുള്ള 16 വഴികളില്‍ മൂന്ന് മാത്രമാണ് തുറന്നിരുന്നതെന്നും മറ്റ് എല്ലാ വഴികളും പൂട്ടിയ നിലയിലായിരുന്നുവെന്നും സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സയ്യദ് അസദ് റസാ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.