തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്നുമുതൽ പുതിയ ദിശാബോധമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്റ്റാർട്ട്അപ്പ് മേഖല ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് കൂടുതൽ വേഗം നൽകുമെന്നും മോഡി വ്യക്തമാക്കി.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യമാകെ മുന്നേറുകയാണെന്നും, നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീടുകൾ ലഭിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിനിടെ കേരളത്തിനായി അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ. കൂടാതെ ഗുരുവായൂർ-തൃശൂർ പാസഞ്ചർ ട്രെയിനും ഫ്‌ലാഗ് ഓഫ് ചെയ്തു. ഈ സർവീസ് തീർഥാടകർക്ക് ഏറെ സഹായകരമാകുമെന്ന് മോഡി പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളോടൊപ്പം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് സമ്പന്നർക്ക് മാത്രമായിരുന്ന ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ തെരുവ് കച്ചവടക്കാർക്കും ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിഎം സ്വാനിധി പദ്ധതിയിലൂടെ കേരളത്തിൽ 10,000 പേരും തിരുവനന്തപുരത്ത് മാത്രം 600ൽ അധികം പേരും ഗുണഭോക്താക്കളായിട്ടുണ്ടെന്നും, ഈ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഒരു വലിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായെന്നും, വികസിത കേരളം ഉണ്ടായാൽ മാത്രമേ വികസിത ഭാരതം സാധ്യമാകൂ എന്നും മോഡി പറഞ്ഞു. വികസന വിഷയങ്ങൾ വിശദമായി ബിജെപി വേദിയിൽ സംസാരിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
രാവിലെ 10.30ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. സുരക്ഷാ കാരണങ്ങളാൽ മേയർ വി.വി. രാജേഷിന് സ്വീകരണത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചില്ല. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തെ വേദിയിലെത്തിയത്.
കേരള വികസനത്തിന് പുതിയ ദിശ; മൂന്ന് അമൃത് ഭാരത് ട്രെയിനുകൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
