വാഷിംഗ്ടൺ: ബൈഡൻ ഭരണ കാലത്ത് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കേസുകൾ എടുത്തതിന്റെ പേരിൽ ട്രംപ് ഭരണകൂടം തന്നെ കേസുകളിൽ പെടുത്തി വേട്ടയാടാൻ സാധ്യതയുണ്ടെന്ന് മുൻ സ്‌പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് കോൺഗ്രസിൽ വ്യക്തമാക്കി. ട്രംപ് ഭരണകൂടം തന്റെ മേൽ നടപടി സ്വീകരിക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും, അതിന് പ്രസിഡന്റ് നേരിട്ട് നിർദേശം നൽകിയിട്ടുണ്ടാകാമെന്നും സ്മിത്ത് പറഞ്ഞു.
ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നിൽ വ്യാഴാഴ്ച നൽകിയ സാക്ഷ്യത്തിലാണ് സ്മിത്തിന്റെ പരാമർശം. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതും, രഹസ്യ രേഖകൾ അനധികൃതമായി സൂക്ഷിച്ചതുമെന്ന കേസുകൾ ട്രംപിനെതിരെ എടുത്തത് നിയമാനുസൃതവും രാഷ്ട്രീയ പ്രേരണകളില്ലാത്തതുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്മിത്തിന്റെ സാക്ഷ്യത്തിന് പിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ രൂക്ഷ പ്രതികരണം നടത്തി. സ്മിത്തിനെതിരെ അന്വേഷണം നടത്തണമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി നടപടിയെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ട്രംപ് കുറിച്ചു. ഇതിന് മുമ്പും സ്മിത്തിനെതിരെ നടപടി വേണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ട്രംപ് ഭരണകൂടം താങ്കൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുമോ എന്ന് സ്മിത്തിനോട് ഡെമോക്രാറ്റിക് അംഗം ബെക്ക ബലിന്റ് ചോദിച്ചു. 'പ്രസിഡന്റിന്റെ നിർദേശപ്രകാരം അവർക്ക് കഴിയുന്നതെല്ലാം ചെയ്യും'' എന്നാണ് തന്റെ വിശ്വാസം എന്ന് സ്മിത്ത് മറുപടി നൽകി. എന്നാൽ ഭീഷണികൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാൻ ഭയപ്പെടുന്നില്ല. നീതിന്യായ വകുപ്പിന്റെ നയങ്ങൾ അനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചത്. വസ്തുതകളും നിയമവും പിന്തുടർന്നു. ഗുരുതര കുറ്റങ്ങൾ നടത്തിയെന്നതിന് സംശയാതീതമായ തെളിവുകൾ ഉണ്ടായിരുന്നു,' എന്നാണ് സ്മിത്തിന്റെ മൊഴി.
അതേസമയം, സ്മിത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്. അങ്ങനെ ചെയ്താലും ഗ്രാൻഡ് ജൂറിയുടെ അംഗീകാരം ആവശ്യമാണ്. ട്രംപ് ഭരണകൂടം മുമ്പ് വിമർശകരെതിരെ എടുത്ത ചില കേസുകൾ ഗ്രാൻഡ് ജൂറി തള്ളിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ബൈഡൻ ഭരണകാലത്ത് ട്രംപിനെതിരെ ഫെഡറൽ തലത്തിൽ ആദ്യമായി കേസുകൾ എടുത്തത് ജാക്ക് സ്മിത്തിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ ട്രംപ് വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്, സിറ്റിംഗ് പ്രസിഡന്റിനെതിരെ കേസ് എടുക്കരുതെന്ന നീതിന്യായ വകുപ്പിന്റെ നയപ്രകാരം ഈ കേസുകൾ വിചാരണയ്ക്ക് മുമ്പേ റദ്ദാക്കപ്പെട്ടു. ട്രംപ് എല്ലാ കുറ്റാരോപണങ്ങളും നിഷേധിക്കുകയും, അവയെ 'രാഷ്ട്രീയ വേട്ടയാടൽ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ട്രംപിന്റെ രണ്ടാം കാലഘട്ടത്തിൽ വിമർശകരോട് പ്രതികാരം തീർക്കാനുള്ള ശ്രമങ്ങൾ ശക്തമാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ജാക്ക് സ്മിത്തിന്റെ ഈ വെളിപ്പെടുത്തൽ.
ട്രംപ് ഭരണകൂടം തന്നെ ലക്ഷ്യമിടും; കേസ് നേരിടേണ്ടി വരുമെന്ന് ജാക്ക് സ്മിത്ത് കോൺഗ്രസിൽ
