ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്തതിനെതിരെ പ്രതികാരവുമായി ട്രംപ് ; ജെപി മോർഗണിനെതിരെ 5 ബില്യൺ ഡോളറിന് നഷ്ടപരിഹാര കേസ് നൽകി

ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്തതിനെതിരെ  പ്രതികാരവുമായി ട്രംപ് ; ജെപി മോർഗണിനെതിരെ 5 ബില്യൺ ഡോളറിന് നഷ്ടപരിഹാര കേസ് നൽകി



വാഷിംഗ്ടൺ: 2021 ജനുവരി 6ന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപത്തിന് പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ടുകൾ രാഷ്ട്രീയ കാരണങ്ങളാൽ അടച്ചുവെന്നാരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജെപി മോർഗൻ ചെയ്‌സിനെതിരെയും ബാങ്കിന്റെ സിഇഒ ജെയ്മി ഡൈമണിനെതിരെയും 5 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി.

വ്യാഴാഴ്ച ഫയൽ ചെയ്ത കേസിൽ, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ നിയമവിരുദ്ധമായും വിവേചനപരമായും തന്റെ വ്യക്തിഗതവും ബിസിനസ് അക്കൗണ്ടുകളും അവസാനിപ്പിച്ചുവെന്നാണ് ട്രംപിന്റെ ആരോപണം. ക്യാപിറ്റോൾ കലാപത്തിന് ശേഷം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ബാങ്ക് ഈ നടപടി സ്വീകരിച്ചതെന്നും കേസ് പറയുന്നു.

അക്കൗണ്ടുകൾ ക്ലോസ് ചെയ്തത് ബാങ്കിംഗ് ചട്ടങ്ങൾ ലംഘിച്ചാണ്, തനിക്ക് മുന്നറിയിപ്പോ ന്യായമായ വിശദീകരണമോ നൽകിയില്ല, രാഷ്ട്രീയ അഭിപ്രായങ്ങളോടുള്ള വിരോധമാണ് തീരുമാനത്തിന് പിന്നിൽ,
ഇതുമൂലം വലിയ സാമ്പത്തിക നഷ്ടവും പ്രതിച്ഛായക്ക് കേടുപാടും സംഭവിച്ചു തുടങ്ങിയ വാദങ്ങളാണ് കേസിൽ ട്രംപ് നിരത്തുന്നത്.

കേസിൽ ജെപി മോർഗനൊപ്പം സിഇഒ ജെയ്മി ഡൈമണിനെയും വ്യക്തിപരമായി പ്രതിയാക്കിയിട്ടുണ്ട്. ബാങ്കിന്റെ നയം എന്ന പേരിൽ നടത്തിയ നടപടി യഥാർത്ഥത്തിൽ രാഷ്ട്രീയ വിവേചനമാണെന്നും ട്രംപ് ആരോപിക്കുന്നു.

അതേസമയം, ക്യാപിറ്റോൾ കലാപത്തിന് ശേഷം നിരവധി ധനകാര്യ സ്ഥാപനങ്ങൾ ട്രംപുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും ഇടപാടുകളും അവസാനിപ്പിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. അന്ന് ബാങ്കുകൾ എടുത്ത തീരുമാനങ്ങൾ സുരക്ഷാറിസ്‌ക് വിലയിരുത്തലിന്റെ ഭാഗമാണെന്നായിരുന്നു അവയുടെ വിശദീകരണം.

ട്രംപിന്റെ പുതിയ കേസ്, രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിൽ ബാങ്കുകൾ ഉപഭോക്താക്കളെ ഒഴിവാക്കാമോ എന്ന ചർച്ച വീണ്ടും ശക്തമാക്കുകയാണ്. ജെപി മോർഗൺ ഇതുവരെ കേസിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.