യു എസ്, യുക്രെയ്ന്‍, റഷ്യ ത്രികക്ഷി ചര്‍ച്ച യു എ ഇയില്‍

യു എസ്, യുക്രെയ്ന്‍, റഷ്യ ത്രികക്ഷി ചര്‍ച്ച യു എ ഇയില്‍


ദാവോസ്: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക, യുക്രെയ്ന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ത്രികക്ഷി ചര്‍ച്ചകള്‍ വെള്ളിയാഴ്ച മുതല്‍ യു എ ഇയില്‍ നടക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലെന്‍സ്‌കി വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് സെലെന്‍സ്‌കിയുടെ പ്രഖ്യാപനം.

യുക്രെയ്ന്‍ പൂര്‍ണ സത്യസന്ധതയോടെയും ദൃഢനിശ്ചയത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ഫലങ്ങള്‍ കാണാനാവുന്നുണ്ടെന്നും ഈ യുദ്ധം അവസാനിപ്പിക്കാനും ആക്രമണം നിര്‍ത്താനും റഷ്യയും തയ്യാറാകണമെന്നും യു എ ഇയില്‍ നടക്കുന്ന ആദ്യ ത്രികക്ഷി യോഗമാണിതെന്നും സെലെന്‍സ്‌കി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള രേഖകള്‍ ഏകദേശം തയ്യാറായിക്കഴിഞ്ഞു എന്നും സമാധാന പദ്ധതികള്‍ അന്തിമരൂപം നല്‍കുന്നതിന് അമേരിക്കന്‍, യുക്രെയ്ന്‍ സംഘങ്ങള്‍ ദിവസേന ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടതിന്റെ ആവശ്യകതയും സെലെന്‍സ്‌കി ഊന്നിപ്പറഞ്ഞു.

യൂറോപ്പിന്റെ സുരക്ഷാപ്രതിരോധ വിഷയങ്ങളിലെ നിഷ്‌ക്രിയതയെ നേരത്തെ വിമര്‍ശിച്ച ശേഷമാണ് സെലെന്‍സ്‌കിയുടെ പ്രഖ്യാപനം. യുക്രെയ്‌നിന്റെ ഇപ്പോഴത്തെ അവസ്ഥയെ ഒരേ ദിവസം ആവര്‍ത്തിച്ച് നടക്കുന്ന 'ഗ്രൗണ്ട്‌ഹോഗ് ഡേ' എന്ന സിനിമയോട് അദ്ദേഹം ഉപമിച്ചു.

ആഴ്ചകളോളം, മാസങ്ങളോളം, നാല് വര്‍ഷം വരെ ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ജീവിക്കാന്‍ ആരും ആഗ്രഹിക്കില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ എണ്ണയ്ക്കെതിരായ ഉപരോധം, റഷ്യ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ട്രൈബ്യൂണല്‍ അന്വേഷണം, അധികാരവാദ ഭരണകൂടങ്ങളെ പ്രതിരോധിക്കുന്ന രാജ്യങ്ങള്‍ക്ക് പിന്തുണ തുടങ്ങിയ വിഷയങ്ങളില്‍ യൂറോപ്പ് ഒരുമിച്ചു നില്‍ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

യുദ്ധാനന്തര സുരക്ഷാ ഉറപ്പുകളും സാമ്പത്തിക പുനര്‍നിര്‍മ്മാണവുമാണ് സമാധാന രേഖകളുടെ പ്രധാന ഉള്ളടക്കമെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. അമേരിക്കന്‍ ചര്‍ച്ചാ സംഘം മോസ്‌കോ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് യു എ ഇയില്‍ ത്രികക്ഷി ചര്‍ച്ചകള്‍ നടക്കുന്നത്. ഇത് നയതന്ത്ര ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു.

യു എ ഇയിലെ ആദ്യ ത്രികക്ഷി യോഗം വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. ചര്‍ച്ചകളുടെ വിജയം എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും യുക്രെയ്ന്‍ ഈ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെങ്കിലും റഷ്യയും ആക്രമണം നിര്‍ത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാവോസില്‍ സെലെന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച 'മികച്ച രീതിയില്‍ നടന്നു' എന്നാണ് ട്രംപ് പ്രതികരിച്ചത്. 

യുദ്ധം അവസാനിക്കണമെന്നും നിരവധി ആളുകള്‍ കൊല്ലപ്പെടുന്നതിനാല്‍ അത് അവസാനിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം മാത്രം ഏകദേശം 30,000 പേര്‍ കൊല്ലപ്പെട്ടു, അതില്‍ ഭൂരിഭാഗവും സൈനികരാണ്. ഇത് തീര്‍ച്ചയായും അവസാനിക്കേണ്ട യുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.