ഡോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ഡോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു


ശ്രീനഗര്‍: ജമ്മു- കശ്മീരിലെ ഡോഡ ജില്ലയില്‍ സൈനിക വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുറഞ്ഞത് 10 ഇന്ത്യന്‍ സൈനികര്‍ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഭദര്‍വാഹ്ചമ്പ റോഡിലെ ഖന്നി ടോപ്പ് മേഖലയിലാണ് ദാരുണമായ അപകടം ഉണ്ടായത്. ഉയര്‍ന്ന പ്രദേശത്തെ സൈനിക പോസ്റ്റിലേക്കു സൈനികരെ കൊണ്ടുപോകുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി ആഴമുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

സൈനികരുടെ ഉത്തമ സേവനവും ത്യാഗവും എക്കാലവും ഓര്‍ക്കുമെന്നും ദുഃഖത്തിലാഴ്ന്ന കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും  ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യവും പ്രാദേശിക പൊലീസും ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററുകള്‍ വഴി ആശുപത്രികളിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.