ന്യൂയോർക്ക് സംസ്ഥാന സർക്കാർ അവതരിപ്പിച്ച 260 ബില്യൺ ഡോളർ ബജറ്റിനെതിരെ ന്യൂയോർക്ക് സിറ്റി മേയർ സോഹ്രാൻ മംദാനി തുറന്ന വിമർശനവുമായി രംഗത്ത്. സമ്പന്നരിൽ നിന്നും വൻകിട കോർപ്പറേറ്റുകളിൽ നിന്നും കൂടുതൽ നികുതി ഈടാക്കേണ്ട സമയമായെന്നാണ് മേയറുടെ നിലപാട്.
ബജറ്റ് അവതരിപ്പിച്ചതിന് ഒരു ദിവസം കഴിഞ്ഞ് മാൻഹട്ടനിലെ വിറ്റ്‌നി മ്യൂസിയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മംദാനി. 'ന്യൂയോർക്കിലെ ഏറ്റവും കൂടുതൽ ലാഭം നേടുന്ന സ്ഥാപനങ്ങളും ഏറ്റവും സമ്പന്നരുമാണ് അവരുടെ നീതിയുള്ള പങ്ക് നൽകേണ്ടത്. അതിനുള്ള ശക്തമായ വാദമാണ് ഞങ്ങളുടെ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ഗവർണർ കാത്തി ഹോക്കൽ അവതരിപ്പിച്ച ബജറ്റിൽ വരുമാന നികുതി വർധനയില്ല. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുകളിൽ ഒന്നായ ഇതിൽ 'യൂണിവേഴ്‌സൽ പ്രീ-കെ' വിദ്യാഭ്യാസ പദ്ധതി വിപുലീകരിച്ചതുൾപ്പെടെ നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത് നഗരത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതല്ലെന്നാണ് മംദാനിയുടെ വിമർശനം.
ന്യൂയോർക്ക് സിറ്റി സംസ്ഥാനത്തിന് നൽകുന്ന നികുതി വരുമാനവും തിരിച്ചു ലഭിക്കുന്ന വിഹിതവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയ മേയർ, 'സംസ്ഥാന നികുതി വരുമാനത്തിന്റെ 54.5 ശതമാനം നഗരം നൽകുമ്പോൾ തിരികെ ലഭിക്കുന്നത് 40.5 ശതമാനം മാത്രമാണ്,' എന്ന് പറഞ്ഞു. നഗരത്തിൽ നികുതി വർധിപ്പിക്കാൻ സംസ്ഥാന നിയമസഭയുടെ അനുമതി ആവശ്യമാണ്.
അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിലായി 12.6 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മി നഗരത്തെ കാത്തിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ പ്രതിസന്ധിക്ക് മുൻ മേയർ എറിക് ആഡംസിന്റെ സാമ്പത്തിക ദുർവ്യവസ്ഥയാണെന്ന് മംദാനി കുറ്റപ്പെടുത്തി. 'സംസ്ഥാനത്തിന്റെ സാമ്പത്തിക നില ശക്തമാണ്. എന്നാൽ നഗരത്തിന്റെ പ്രതിസന്ധി മുൻ ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങളുടെ ഫലമാണ്,' അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവർണർ ഹോക്കൽ നികുതി വർധന പൂർണമായി തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, അതിനെ 'അവസാന വഴിയെന്ന നിലയിൽ' മാത്രമാണ് കാണുന്നതെന്ന് ബജറ്റ് ഡയറക്ടർ ബ്ലേക്ക് വാഷിംഗ്ടൺ വ്യക്തമാക്കി.
ഇതിനിടയിൽ, സംസ്ഥാന കംപ്‌ട്രോളർ മാർക്ക് ലെവിൻ നഗരത്തിന്റെ നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 7 ശതമാനം വർധിച്ചതായി അറിയിച്ചു. 'ഇത് സാമ്പത്തിക മാന്ദ്യം മൂലമുണ്ടായ പ്രതിസന്ധിയല്ല. മുൻ ഭരണകൂടത്തിന്റെ ബജറ്റ് തീരുമാനങ്ങളാണ് ഇന്നത്തെ പ്രശ്‌നങ്ങൾക്ക് കാരണം,' അദ്ദേഹം പറഞ്ഞു.
ഗവർണർ ഹോക്കലിനെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് മേയറുടെ നിലപാട്. ഈ തർക്കം ന്യൂയോർക്ക് സംസ്ഥാനനഗര ബന്ധങ്ങളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലുമുണ്ട്.
'സമ്പന്നർ കൂടുതൽ നികുതി നൽകണം'; ന്യൂയോർക്ക് ബജറ്റിനെതിരെ മേയർ മംദാനിയുടെ തുറന്ന വിമർശനം
