ഡെന്‍മാര്‍ക്കിന്റെ പരമാധികാരത്തെ പിന്തുണച്ച് സെലെന്‍സ്‌കി

ഡെന്‍മാര്‍ക്കിന്റെ പരമാധികാരത്തെ പിന്തുണച്ച് സെലെന്‍സ്‌കി


കീവ്: ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ യു എസും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡെന്മാര്‍ക്കിന്റെ പരമാധികാരത്തെ പിന്തുണച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. 

ഗ്രീന്‍ലാന്‍ഡ് സ്വയംഭരണാധികാരമുള്ള പ്രദേശമാണെങ്കിലും ഡെന്മാര്‍ക്കിന്റെ അവിഭാജ്യ ഭാഗമാണെന്നും അതു താന്‍ ബഹുമാനിക്കുന്നുവെന്നും  സെലന്‍സ്‌കി പറഞ്ഞു.

ഡെന്മാര്‍ക്കിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും അമേരിക്ക യൂറോപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് തര്‍ക്കം റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്നുള്ള ലോകശ്രദ്ധ തിരിച്ചു വിടുമോ എന്ന കാര്യത്തില്‍ തന്റെ ആശങ്ക സെലന്‍സ്‌കി മാധ്യമങ്ങളുമായി പങ്കുവെച്ചു. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഈ സമയത്ത് ഇത്തരം മറ്റ് അന്താരാഷ്ട്ര വിവാദങ്ങള്‍ യുക്രെയ്‌നെ പ്രതികൂലമായി ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തടയുന്നതില്‍ അമേരിക്ക ഇതുവരെ പൂര്‍ണമായി വിജയിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രെയ്‌നിന്റെ നിലനില്‍പ്പിനായുള്ള സമരത്തില്‍ കൂടുതല്‍ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സുരക്ഷാ ഉറപ്പുകള്‍, കടുത്ത ഉപരോധങ്ങള്‍ എന്നിവ വൈറ്റ് ഹൗസില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.