ശബരിമല; ഇ ഡി റെയ്ഡിന് പിന്നാലെ 1.3 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു

ശബരിമല; ഇ ഡി റെയ്ഡിന് പിന്നാലെ 1.3 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു


കൊച്ചി: ശബരിമല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി നടത്തിയ റെയ്ഡിന് പിന്നാലെ ഒരുകോടി 30 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. 

ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കൊച്ചി സോണല്‍ ഓഫീസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

ശബരിമല സ്വര്‍ണകൊള്ളവുമായി ബന്ധപ്പെട്ട പ്രതികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് വസ്തുവകകള്‍ കണ്ടുകെട്ടിയതെന്ന് ഇ ഡി അറിയിച്ചു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്‌പോണ്‍സര്‍മാര്‍, ജ്വല്ലറികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പൊലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ് ഐ ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡിയുടെ അന്വേഷണം. ദ്വാരപാലക വിഗ്രഹ ഘടകങ്ങള്‍, പീഠങ്ങള്‍, ശ്രീകോവിലിന്റെ വാതില്‍ ഫ്രെയിം പാനലുകള്‍ എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വര്‍ണം പൂശിയ വസ്തുക്കള്‍ ഔദ്യോഗിക രേഖകളില്‍ വെറും ചെമ്പ് തകിടുകള്‍ ആണെന്ന് തെറ്റായി രേഖപ്പെടുത്തിയതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.