ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരത്തിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ പൊരുതുമെന്ന് പാര്‍ലമെന്റ് അംഗം

ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരത്തിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ പൊരുതുമെന്ന് പാര്‍ലമെന്റ് അംഗം


കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിനെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി ഗ്രീന്‍ലാന്‍ഡ് പാര്‍ലമെന്റ് അംഗം കൂനോ ഫെങ്കര്‍.  സ്വന്തം രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ ഏത് ശക്തിക്കെതിരെയും പൊരുതുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡിന് സ്വന്തമായി സൈന്യമില്ലെന്നത് സത്യമാണ്. എന്നാല്‍ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ തങ്ങളുടെ പരമാധികാരത്തിന് വേണ്ടി ജനങ്ങള്‍ പോരാടുമെന്ന് ഫെങ്കര്‍ പറഞ്ഞു.

മറ്റൊരു രാജ്യവും തങ്ങളെ പിടിച്ചെടുക്കുന്നത് ഗ്രീന്‍ലാന്‍ഡ് ആഗ്രഹിക്കുന്നില്ല. അമേരിക്കയെക്കാള്‍ സൈനികമായി തങ്ങള്‍ ദുര്‍ബലരാണെങ്കിലും തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമപരമായി ഡെന്മാര്‍ക്കിന്റെ കീഴിലുള്ള ഗ്രീന്‍ലാന്‍ഡ് ഭാവി കാര്യങ്ങളില്‍ ഡെന്മാര്‍ക്കുമായി കൂടിയാലോചനകള്‍ നടത്തി മാത്രമേ തീരുമാനമെടുക്കൂ എന്നും അമേരിക്കയുടെ ഏകപക്ഷീയമായ നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീന്‍ലാന്‍ഡിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുന്ന 'നലേരാക്ക് ' പാര്‍ട്ടിയിലെ അംഗം കൂടിയാണ് കൂനോ ഫെങ്കര്‍. ഇത് യു എസിന് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന പ്രസ്താവനയായാണ് വിലയിരുത്തുന്നത്. അമേരിക്കന്‍ സൈന്യം ഗ്രീന്‍ലാന്‍ഡിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അത് വന്‍ തോതിലുള്ള പ്രാദേശിക പ്രതിരോധത്തിനു കാരണമാകും എന്നാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. നേറ്റോ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിനു പിന്തുണയുമായി രംഗത്തെത്തിയതോടെ പ്രാദേശിക ജനപ്രതിനിധികളും രംഗത്തെത്തിയ ഈ സാഹചര്യം ഏറെ ശ്രദ്ധയോടെയാണ് ലോകം കാണുന്നത്.