ശബരിമല സ്വർണ മോഷണക്കേസ്: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

ശബരിമല സ്വർണ മോഷണക്കേസ്: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്


തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിൽ റെയ്ഡുകൾ നടത്തി. കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികളുടെയും സ്ഥാപനങ്ങളുടെയും ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.

ശബരിമല ക്ഷേത്രം ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (ടിഡിബി) ആസ്ഥാനം ഉൾപ്പെടെ, കേസിൽ ഇതുവരെ അറസ്റ്റിലായ ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബു എന്നിവരുമായി ബന്ധപ്പെട്ട വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.

ശബരിമല ശ്രീകോവിലിന്റെ വാതിൽച്ചട്ടങ്ങളിലും ദ്വാരപാലകരുടെ (രക്ഷാകർതൃ ദേവതകൾ) മേൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികളിലുമുള്ള സ്വർണം ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് കേസ്. ഹൈക്കോടതിയുടെ നിർദേശപ്രകാരം കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസന്വേഷണം നടത്തിവരികയാണ്. എസ്‌ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട കുറ്റകൃത്യംവഴി നേടിയ വരുമാനം, ഗൂഢാലോചന, സാമ്പത്തിക ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയെക്കുറിച്ചാണ്് ഇഡി പരിശോധിക്കുന്നത്. കൊല്ലം കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് ഇഡി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തത്.

ഇഡി അന്വേഷണത്തെയും റെയ്ഡുകളെയും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ സ്വാഗതം ചെയ്തു. 'പരിശോധനയെക്കുറിച്ച് ഇഡി ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചിരുന്നു. ഞങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ട്. എന്നാൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്ന കേസായതിനാൽ കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ല,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.