ട്രംപിന്റെ തീരുവ ഭീഷണികളോട് പെട്ടെന്ന് പ്രതികരിക്കരുതെന്ന് യു എസ് ധനകാര്യ സെക്രട്ടറി

ട്രംപിന്റെ തീരുവ ഭീഷണികളോട് പെട്ടെന്ന് പ്രതികരിക്കരുതെന്ന് യു എസ് ധനകാര്യ സെക്രട്ടറി


ദാവോസ്: ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട  തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉന്നയിച്ച തീരുവ ഭീഷണികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി തിരിച്ചടിക്കരുതെന്ന് യു എസ് ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ഗുരുതരമായി വഷളാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ചൈന യു എസിന് എതിരേ പ്രതികാര തീരുവകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വാഷിങ്ടണും ബീജിംഗും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട തീരുവ യുദ്ധം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ദാവോസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ രാജ്യങ്ങളും കമ്പനികളും അടിയന്തര പ്രതികരണങ്ങള്‍ ഒഴിവാക്കി 'കാര്യങ്ങള്‍ എങ്ങോട്ട് നീങ്ങുന്നുവെന്ന് കാത്തുനോക്കണം' എന്നും ബെസന്റ് ആവശ്യപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ശക്തമാക്കിയതിന് പിന്നാലെ, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. അജ്ഞാതമായ ലക്ഷ്യത്തോടെ ഗ്രീന്‍ലാന്‍ഡിലേക്ക് യാത്ര ചെയ്ത് വളരെ അപകടകരമായ കളി കളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ വിമര്‍ശനം.

ഗ്രീന്‍ലാന്‍ഡിനെ സംബന്ധിച്ച് പ്രസിഡന്റ് ട്രംപ് ഉന്നയിക്കുന്ന ഭീഷണികള്‍ മറ്റ് വ്യാപാര കരാറുകളുമായി താരതമ്യപ്പെടുത്താനാകാത്തതാണെന്നും അതിനാല്‍ ഇതിനകം സമ്മതിച്ചിട്ടുള്ള വ്യാപാര കരാറുകളില്‍ എല്ലാ രാജ്യങ്ങളും ഉറച്ചുനില്‍ക്കണമെന്ന് താന്‍ അഭ്യര്‍ഥിക്കുന്നതായും  ബെസന്റ് പറഞ്ഞു.

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള തന്റെ പദ്ധതികളെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഫെബ്രുവരി ഒന്നു മുതല്‍ 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, 2026 ജൂണ്‍ ഒന്നു മുതല്‍ ഈ തീരുവ 25 ശതമാനമായി ഉയര്‍ത്തും. ഗ്രീന്‍ലാന്‍ഡിന്റെ പൂര്‍ണവും സമ്പൂര്‍ണവുമായ വാങ്ങലിനുള്ള കരാര്‍ ഉണ്ടാകുന്നതുവരെ ഈ തീരുവ തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള നിരവധി യൂറോപ്യന്‍ നേതാക്കള്‍ യു എസ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ഏര്‍പ്പെടുത്തുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ തന്റെ ശക്തമായ 'ആന്റി-കോര്‍ഷന്‍ ഇന്‍സ്ട്രുമെന്റ്' പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതുവരെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഈ വ്യാപാര പ്രതിരോധ ഉപകരണം ശത്രുതാഭാവമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും എതിരെ പ്രതികരിക്കാന്‍ യൂറോപ്യന്‍ യൂണിയനെ സഹായിക്കുന്ന ആയുധമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇറക്കുമതി സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാമ്പത്തിക ഭീഷണികളില്‍ നിന്ന് യൂറോപ്യന്‍ യൂണിയനേയും അംഗരാജ്യങ്ങളെയും സംരക്ഷിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.

യൂറോപ്യന്‍ യൂണിയന്റെ ആന്റി-കോര്‍ഷന്‍ ഇന്‍സ്ട്രുമെന്റ് പ്രകാരം, യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാത്ത ഒരു രാജ്യം നയപരമായ മാറ്റങ്ങള്‍ നിര്‍ബന്ധിപ്പിക്കാന്‍ സാമ്പത്തിക നടപടികള്‍ ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ യൂറോപ്യന്‍ യൂണിയന് കൂട്ടായ്മയായി ഇടപെടാന്‍ കഴിയും. സാമ്പത്തിക സമ്മര്‍ദ്ദം പരിശോധിക്കുക, സംവാദം തേടുക, ആവശ്യമായാല്‍ തീരുവകള്‍, വ്യാപാര നിയന്ത്രണങ്ങള്‍, നിക്ഷേപ നിയന്ത്രണങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ പൊതു വാങ്ങല്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കല്‍ തുടങ്ങിയ അനുപാതിക പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഈ സംവിധാനം അനുവദിക്കുന്നു. അംഗരാജ്യങ്ങളുടെ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ പരമാധികാര തീരുമാനങ്ങളെ അട്ടിമറിക്കാന്‍ സാമ്പത്തിക സമ്മര്‍ദ്ദം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ ഉപകരണം പ്രയോഗിക്കപ്പെടുക.