ദാവോസ്: ഗ്രീന്‍ലാന്‍ഡിനെ ബലമായി സ്വന്തമാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡൊണള്‍ഡ് ട്രംപിന്റെ മുന്‍ മുതിര്‍ന്ന ഉപദേഷ്ടാവ് ഗാരി കോന്‍ വ്യക്തമാക്കി. ഐ ബി എം വൈസ് ചെയര്‍മാനും വൈറ്റ് ഹൗസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ മുന്‍ ഡയറക്ടറുമായ കോന്‍ ഗ്രീന്‍ലാന്‍ഡ് സ്വയംഭരണ പ്രദേശമായി തുടരുമെന്നതില്‍ വാഷിങ്ടണില്‍ ഇരുകക്ഷികളുടെയും വ്യക്തമായ ഐക്യമുണ്ടെന്ന് ബി ബി സിയോട് പറഞ്ഞു. നേറ്റോ സഖ്യത്തിലെ അംഗമായ പ്രദേശത്തെ സൈനികമായി കൈവശപ്പെടുത്തുക രാഷ്ട്രീയമായും തന്ത്രപരമായും അസാധ്യവും അനാവശ്യവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയില്‍ സംസാരിക്കവെ ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല പരാമര്‍ശങ്ങള്‍ യാഥാര്‍ഥ്യ നിര്‍ദേശമല്ല, മറിച്ച് ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായിരിക്കാമെന്നും കോന്‍ സൂചിപ്പിച്ചു. അതിരൂക്ഷമായ നിലപാടുകള്‍ പൊതു വേദിയില്‍ പ്രഖ്യാപിച്ച് പിന്നീട് ചര്‍ച്ചകളില്‍ നേട്ടം കൊയ്യുന്ന ട്രംപിന്റെ പഴയ ശൈലിയെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കയ്ക്ക് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ സമാധാനപരമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നും കോന്‍ പറഞ്ഞു. ദ്വീപിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കല്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍ക്ക് നിര്‍ണായകമായ അപൂര്‍വ ധാതുക്കളുടെ വിതരണ കരാറുകള്‍ ഉറപ്പാക്കല്‍ തുടങ്ങിയ വഴികളിലൂടെ ഇത് സാധ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ആര്‍ക്ക്ടിക്, നോര്‍ത്ത് അറ്റ്‌ലാന്റിക് മേഖലകളില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വാഷിങ്ടണുമായി കൂടുതല്‍ സുരക്ഷാ സഹകരണം ഗ്രീന്‍ലാന്‍ഡ് തന്നെ സ്വാഗതം ചെയ്യുമെന്നും കോന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപിന്റെ പ്രസ്താവനകളെ തുടര്‍ന്ന് യൂറോപ്പില്‍ ഉയര്‍ന്ന ആശങ്കകള്‍ ശമിപ്പിക്കാന്‍ അമേരിക്കന്‍ ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസന്റ് രംഗത്തെത്തി. ദാവോസില്‍ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം ട്രംപിന്റെ വാക്കുകള്‍ക്ക് അമിതപ്രതികരണം കാണിക്കരുതെന്ന് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ യു എസ് തീരുവ ഭീഷണികളെ തുടര്‍ന്ന് വിപണിയില്‍ ഉണ്ടായ പരിഭ്രാന്തിയുമായി ഇപ്പോഴത്തെ പ്രതികരണങ്ങളെ അദ്ദേഹം താരതമ്യം ചെയ്തു. കാര്യങ്ങള്‍ വഷളാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ സാഹചര്യം കൂടുതല്‍ മോശമാക്കുമെന്നുമാണ് ബെസന്റിന്റെ മുന്നറിയിപ്പ്.
ഗ്രീന്‍ലാന്‍ഡിന്റെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും നേറ്റോയോടും യൂറോപ്യന്‍ സഖ്യങ്ങളോടുമുള്ള അമേരിക്കയുടെ പ്രതിബദ്ധത ഉറച്ചതാണെന്ന് ബെസന്റ് ആവര്‍ത്തിച്ചു. വിഷയത്തെ അതിരൂക്ഷമായി ചിത്രീകരിക്കുന്നവരെ അദ്ദേഹം വിമര്‍ശിക്കുകയും നിലവിലുള്ള വ്യാപാര കരാറുകള്‍ തുടരുമെന്നും വ്യക്തമാക്കുകയും ചെയ്തു.
ഈ ആഴ്ച അവസാനത്തോടെ ഡൊണള്‍ഡ് ട്രംപ് ദാവോസ് ഫോറത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷ. ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടാക്കാവുന്ന സാമ്പത്തികവും നയതന്ത്രപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് രാഷ്ട്രീയ- വാണിജ്യ നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടയിലാണ് ഈ പ്രസംഗം നടക്കുന്നത്.
