ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന് നേരത്തെ തന്നെ നിരവധി സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നതായി അമേരിക്കയിലെ വ്യോമയാന സുരക്ഷാ പ്രവര്‍ത്തകര്‍ ആരോപിച്ചു. വിമാനത്തിനുള്ളില്‍ തീപിടിത്തം ഉള്‍പ്പെടെ സംഭവിച്ചതിന് തെളിവുകളുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ 260 പേരാണ് കൊല്ലപ്പെട്ടത്.
അമേരിക്ക ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റി (ഫാസ്) എന്ന പ്രചാരണ സംഘടന തങ്ങള്‍ക്ക് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ കണ്ടെത്തലുകള്‍ വിശദീകരിക്കുന്ന അവതരണം അമേരിക്കന്‍ സെനറ്റിന് കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചു.
അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാല്‍ ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഇടക്കാല റിപ്പോര്‍ട്ട് വ്യാപകമായ ഊഹാപോഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. ബോയിംഗ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
അപകടത്തില്‍പ്പെട്ട വിടി-എഎന്‍ബി രജിസ്‌ട്രേഷന്‍ നമ്പറുള്ള വിമാനം നിര്‍മ്മിച്ച ആദ്യകാല 787 വിമാനങ്ങളില്‍ ഒന്നായിരുന്നു. ഇത് 2013-ന്റെ അവസാനത്തോടെയാണ് ആദ്യമായി പറന്നത്. 2014 തുടക്കത്തിലാണ് എയര്‍ ഇന്ത്യയുടെ സര്‍വീസില്‍ പ്രവേശിച്ചത്.
എയര്‍ ഇന്ത്യയുടെ സര്‍വീസില്‍ പ്രവേശിച്ച ആദ്യദിവസം മുതല്‍ തന്നെ വിമാനത്തില്‍ സിസ്റ്റം തകരാറുകള്‍ ഉണ്ടായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നതായി ഫാസ് അവകാശപ്പെട്ടു. എഞ്ചിനിയറിംഗ്, നിര്‍മ്മാണം, ഗുണനിലവാരം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്നതും സങ്കീര്‍ണവുമായ പ്രശ്‌നങ്ങളാണ് ഇതിന് കാരണമായതെന്നാണ് ് സംഘടനയുടെ ആരോപണം.
ഇലക്ട്രോണിക്, സോഫ്റ്റ്വെയര്‍ തകരാറുകള്‍, സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ആവര്‍ത്തിച്ച് പ്രവര്‍ത്തനം നിര്‍ത്തുന്നത്, വയറിംഗിന് കേടുപാടുകള്‍, ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍, വൈദ്യുത പ്രവാഹ നഷ്ടം, പവര്‍ സിസ്റ്റം ഘടകങ്ങളുടെ അതിതാപനം എന്നിവ തകരാറുകളില്‍ ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ജനുവരിയില്‍ പി100 പവര്‍ ഡിസ്ട്രിബ്യൂഷന്‍ പാനലില്‍ തീപിടിത്തം ഉണ്ടായതായും ഫാസ് വ്യക്തമാക്കി. എഞ്ചിനുകള്‍ ഉത്പാദിപ്പിക്കുന്ന ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി വിമാനത്തിലുടനീളം വിതരണം ചെയ്യുന്ന അഞ്ച് പാനലുകളില്‍ ഒന്നാണ് ഇത്.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിനിടെ പൈലറ്റുകള്‍ക്ക് തകരാര്‍ സന്ദേശങ്ങള്‍ ലഭിച്ചുവെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് നാശനഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും സംഘടന അറിയിച്ചു. നാശം അത്ര ഗുരുതരമായതിനാല്‍ പൂര്‍ണ്ണ പാനല്‍ തന്നെ മാറ്റിസ്ഥാപിക്കേണ്ടിവന്നുവെന്നും ഫാസ് വ്യക്തമാക്കി.
മുന്‍ തലമുറ യാത്രാവിമാനങ്ങളെ അപേക്ഷിച്ച് 787 വിമാനം വൈദ്യുത സിസ്റ്റങ്ങളിലേക്കാണ് കൂടുതല്‍ ആശ്രയിക്കുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി നിരവധി മെക്കാനിക്കല്‍, ന്യൂമാറ്റിക് ഘടകങ്ങള്‍ ഒഴിവാക്കി, ഭാരം കുറഞ്ഞ വൈദ്യുത ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഡിസൈന്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ഇതിന്റെ തുടക്കകാലത്തുതന്നെ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. 2013-ല്‍ ജപ്പാന്‍ എയര്‍ലൈന്‍സ് ഉടമസ്ഥതയിലുള്ള ഒരു വിമാനത്തില്‍ ബാറ്ററി തീപിടിത്തം ഉണ്ടായത് 787 വിമാനങ്ങള്‍ താത്ക്കാലികമായി സര്‍വീസില്‍ നിന്ന് പിന്‍വലിക്കാന്‍ ഇടയാക്കി. പരീക്ഷണ വിമാനത്തില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് പി100 പാനല്‍ 2010-ല്‍ തന്നെ പുനര്‍രൂപകല്‍പ്പന ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
