വാഷിംഗ്ടൺ: മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്കും ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനും എതിരെയുള്ള വിവാദ ക്രിമിനൽ കേസുകൾക്ക് നേതൃത്വം നൽകിയ ഫെഡറൽ പ്രോസിക്യൂട്ടർ ലിൻസി ഹാലിഗൻ ജസ്റ്റിസ് ഡിപ്പാർട്‌മെന്റിലെ പദവി ഒഴിയുന്നു. അറ്റോർണി ജനറൽ പാം ബോണ്ടിയാണ് ഹാലിഗന്റെ രാജി ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചത്.
ട്രംപ് ഭരണകൂടത്തിൽ വൈറ്റ് ഹൗസ് ഉപദേഷ്ടാവും പിന്നീട് അദ്ദേഹത്തിന്റെ വ്യക്തിഗത അഭിഭാഷകയുമായിരുന്ന ഹാലിഗൻ, കിഴക്കൻ വർജീനിയയിലെ യു.എസ്. അറ്റോർണിയായി നിയമിതയായതിന് പിന്നാലെ കോമിക്കും ലെറ്റീഷ്യ ജെയിംസിനും എതിരെയുള്ള കേസുകൾ ഫയൽ ചെയ്തിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ആവശ്യപ്രകാരമാണ് കേസുകൾ മുന്നോട്ടുപോയതെന്ന ആരോപണവും ഉയർന്നിരുന്നു.
എന്നാൽ ഹാലിഗന്റെ നിയമനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി, ഇരുകേസുകളും പിന്നീട് തള്ളിയിരുന്നു. ഈ വിധിക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് അപ്പീൽ നൽകിയിട്ടുണ്ട്.
ഹാലിഗൻ പദവിയിൽ തുടരുന്ന നിയമസാധുതയെക്കുറിച്ച് വെസ്റ്റ് വർജീനിയയിലെ ഫെഡറൽ ജഡ്ജിമാർ കടുത്ത സംശയം പ്രകടിപ്പിച്ചതിനിടെയാണ് രാജി. ഹാലിഗന്റെ ഇടക്കാല നിയമനത്തിന്റെ കാലാവധി 120 ദിവസം കഴിഞ്ഞുവെന്നും, സെനറ്റ് അംഗീകാരം ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പകരക്കാരനായി അപേക്ഷ ക്ഷണിച്ചുകൊണ്ട് ജില്ലാ ചീഫ് ജഡ്ജി ചൊവ്വാഴ്ച ഉത്തരവിറക്കിയിരുന്നു.
മറ്റൊരു കേസിൽ, കോടതി ഉത്തരവുകൾ നിലനിൽക്കെ ഹാലിഗൻ സ്വയം യു.എസ്. അറ്റോർണി എന്നു വിളിച്ചതു 'നാടകീയമായ നിയമലംഘനം' ആണെന്ന് ജഡ്ജി ഡേവിഡ് നോവാക് വിമർശിച്ചു. ജസ്റ്റിസ് ഡിപ്പാർട്‌മെന്റിന്റെ ഒരു ഹർജിയിലെ ഭാഷ കടുത്ത വിഷം നിറഞ്ഞതാണെന്നും, അത് കോടതി പ്രതീക്ഷിക്കുന്ന നിലവാരത്തിന് താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുൻപും സെനറ്റ് അംഗീകാരം ഒഴിവാക്കി ട്രംപ് ഭരണകൂടം വിവിധ സംസ്ഥാനങ്ങളിൽ ഇഷ്ടപ്പെട്ട പ്രോസിക്യൂട്ടർമാരെ നിയമിച്ചതായി വിമർശനം ഉയർന്നിരുന്നു. ന്യൂജഴ്‌സിയിലെ മുൻ യു.എസ്. അറ്റോർണി അലിന ഹബ്ബയും സമാന സാഹചര്യത്തിൽ രാജിവച്ചിരുന്നു.
ഹാലിഗന്റെ രാജിയെ ജസ്റ്റിസ് ഡിപ്പാർട്‌മെന്റിന് 'വലിയ നഷ്ടം' എന്നാണ് അറ്റോർണി ജനറൽ പാം ബോണ്ടി വിശേഷിപ്പിച്ചത്. 'അനാവശ്യമായ നിയമ തടസ്സങ്ങൾക്കിടയിലും രാജ്യത്തിനുവേണ്ടി അവർ ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും കർത്തവ്യം നിർവഹിച്ചു' എന്നും ബോണ്ടി പറഞ്ഞു.
ജെയിംസ് കോമിക്കും ലെറ്റീഷ്യ ജെയിംസിനുമെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർ രാജിവച്ചു
