ദാവോസ്: ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ അമേരിക്കയ്ക്ക് പുറമെ ഗ്രീന്‍ലാന്‍ഡ് സുരക്ഷിതമാക്കാന്‍ മറ്റേതൊരു രാജ്യകൂട്ടത്തിനും കഴിയില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡിനോടും ഡെന്‍മാര്‍ക്കിനോടും എനിക്ക് വലിയ ബഹുമാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഗ്രീന്‍ലാന്‍ഡിനെ രക്ഷിക്കുകയും പിന്നീട് അത് ഡെന്‍മാര്‍ക്കിന് തിരികെ നല്‍കുകയും ചെയ്തു എന്നും ഇപ്പോള്‍ ഡെന്‍മാര്‍ക്ക് നന്ദികേട് കാണിക്കുകയാണ് എന്നും ട്രംപ് ആരോപിച്ചു. ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കിന് കൊടുത്തത് വലിയ മണ്ടത്തരം ആയിരുന്നുവെന്നും അത് വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ലാന്‍ഡിനെ 'ഭൂമി' എന്ന് വിളിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും അത് ഐസിന്റെ ഒരു വലിയ കഷണമാണ്, എന്നും ട്രംപ് അഭിപ്രായപ്പെട്ടു.
താന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ ജനങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും ട്രംപ് പറഞ്ഞു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് അമേരിക്ക സ്റ്റാഗ്ഫ്േളഷന്‍ എന്ന സാമ്പത്തിക പ്രതിസന്ധിയാല്‍ വലയുകയായിരുന്നുവെന്നും എന്നാല്‍ തന്റെ നേതൃത്വത്തില്‍ അതിന്റെ പൂര്‍ണ്ണ വിപരീതമാണ് സ്ഥിതി,യെന്നും അദ്ദേഹം അവകാശപ്പെട്ടു.
വൈറ്റ് ഹൗസിലെ തന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ചരിത്രത്തിലെ മറ്റെല്ലാ പ്രസിഡന്റുമാരുടെയും കാലാവധികളേക്കാള്‍ മികച്ചതാണ് തന്റെ കാലയളവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ഇതുപോലൊരു കാലാവധി മുമ്പ് ഉണ്ടായിട്ടില്ലെന്ന് താന്‍ കരുതുന്നതായും ഒരു പ്രസിഡന്റിനും ഇത്ര മികച്ച ആദ്യ വര്‍ഷം ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ട്രംപ് താന്‍ ഏറ്റെടുത്തത് വലിയൊരു അഴുക്കായിരുന്നുവെന്നും ഇപ്പോള്‍ നമ്മള്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണെന്നും ട്രംപ് പറഞ്ഞു.
