ഗ്രീൻലാൻഡ് നിലപാടിൽ അപ്രതീക്ഷിത യുടേൺ; ട്രംപിനെ പിന്മാറ്റിയത് യൂറോപ്യൻ സമ്മർദ്ദം

ഗ്രീൻലാൻഡ് നിലപാടിൽ അപ്രതീക്ഷിത യുടേൺ; ട്രംപിനെ പിന്മാറ്റിയത് യൂറോപ്യൻ സമ്മർദ്ദം


ദാവോസ്:  ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പെട്ടെന്നുള്ള പിന്മാറ്റം നടത്തിയതായി റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ട്രംപിന്റെ നിലപാട് മാറ്റം വ്യക്തമായത്.
ഫോറത്തിൽ പങ്കെടുക്കാനായി ബുധനാഴ്ച ട്രംപ് എത്തുമ്പോൾ, ഗ്രിൻലാൻഡ് വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് യൂറോപ്പിലും അറ്റ്‌ലാന്റിക് മേഖലകളിലും ഗുരുതരമായ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ അന്നേ ദിവസം വൈകുന്നേരത്തോടെ തന്നെ ട്രംപ് ആ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ജർമൻ ചാൻസലർ ഫ്രിഡ്രിച്ച് മെർട്‌സ് എന്നിവരടക്കം യൂറോപ്യൻ നേതാക്കളുമായി ട്രംപും അദ്ദേഹത്തിന്റെ ഉപദേശകരും നടത്തിയ രഹസ്യ ആശയവിനിമയങ്ങളാണ് ഈ നിലപാട് മാറ്റത്തിന് വഴിവെച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ ഒരുമിച്ച് ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.

അമേരിക്കയെ നേരിട്ട് ഏറ്റുമുട്ടലിലേക്ക് തള്ളാതെ, നയതന്ത്രപരമായ സമീപനമാണ് യൂറോപ്യൻ നേതാക്കൾ സ്വീകരിച്ചത്. ആർട്ടിക് മേഖലയിൽ സുരക്ഷാ സഹകരണം ശക്തിപ്പെടുത്താമെന്ന വാഗ്ദാനങ്ങൾ അവർ മുന്നോട്ടുവച്ചു. അതോടൊപ്പം, ഗ്രീൻലാൻഡ് വിഷയത്തിൽ അമിത സമ്മർദ്ദം തുടർന്നാൽ നേറ്റോയ്ക്കുള്ളിൽ ഗുരുതരമായ ഭിന്നത ഉണ്ടാകുമെന്നും, അത് അമേരിക്കയുടെ തന്നെ താൽപ്പര്യങ്ങൾക്ക് ദോഷകരമാകുമെന്നും മുന്നറിയിപ്പും നൽകി.
നേറ്റോയിലെ ഐക്യവും ട്രാൻസ് അറ്റ്‌ലാന്റിക് ബന്ധങ്ങളുടെ സ്ഥിരതയും അപകടത്തിലാകുമെന്ന വിലയിരുത്തലാണ് ട്രംപിനെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. തുടക്കത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും, യൂറോപ്യൻ നേതാക്കളുടെ ഏകകണ്ഠമായ എതിർപ്പും നയതന്ത്ര ഇടപെടലുകളും കണക്കിലെടുത്താണ് ട്രംപ് ഗ്രീൻലാൻഡ് വിഷയത്തിൽ യു-ടേൺ എടുത്തത്.
ഗ്രീൻലാൻഡ് വിഷയത്തിലെ ഈ അപ്രതീക്ഷിത വഴിത്തിരിവ്, ട്രംപിന്റെ വിദേശനയ തീരുമാനങ്ങളിൽ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.