വാഷിംഗ്ടൺ: ഗ്രീൻലാൻഡ് സംബന്ധിച്ച യുഎസ്-യൂറോപ്പ് കരാറിന്റെ ഒരു 'ഫ്രെയിംവർക്ക്' തയ്യാറായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. നേറ്റോ സെക്രട്ടറി ജനറൽ മാർക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 1ന് പ്രാബല്യത്തിൽ വരാനിരുന്ന യൂറോപ്യൻ സഖ്യരാജ്യങ്ങളിലേക്കുള്ള തീരുവകൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ, 'ഗ്രീൻലാൻഡിനെയും സമ്പൂർണ ആർട്ടിക് മേഖലയെയും കുറിച്ചുള്ള ഭാവി കരാറിന്റെ ചട്ടക്കൂട് രൂപപ്പെട്ടു' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. കരാറിന്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ, 'പ്രതിസന്ധി സാഹചര്യങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ' ഗ്രീൻലാൻഡ് സർക്കാർ പുറത്തിറക്കി. ഭക്ഷണവും കുടിവെള്ളവും സംഭരിക്കുക, വേട്ടയാടാനുള്ള ആയുധങ്ങളും വെടിയുണ്ടകളും ഒരുക്കിവെക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇത് മുൻകരുതൽ നടപടിയാണെന്നും ഉപയോഗിക്കേണ്ട സാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്നും ഗ്രീൻലാൻഡിന്റെ സ്വയംപര്യാപ്തതാ മന്ത്രി പീറ്റർ ബോർഗ് പറഞ്ഞു.
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ച ട്രംപ്, ഗ്രീൻലാൻഡ് കൈവശപ്പെടുത്താൻ ബലം പ്രയോഗിക്കില്ലെന്നും വ്യക്തമാക്കി. ഡെൻമാർക്കിനോടും ഗ്രീൻലാൻഡിനോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഗ്രീൻലാൻഡ് അപൂർവ ധാതുക്കൾക്കല്ല, ദേശീയവും അന്താരാഷ്ട്രവുമായ സുരക്ഷയ്ക്കാണ് അമേരിക്ക ആവശ്യപ്പെടുന്നത് ' എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡ് വിഷയത്തിൽ 'ചട്ടക്കൂട്' കരാർ തയ്യാർ : യൂറോപ്യൻ സഖ്യങ്ങൾക്ക് ഇനി തീരുവയില്ലെന്ന് ട്രംപ്
