വാഷിംഗ്്ടൺ : ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതില്ലെന്നും, ഫെഡറൽ റിസർവിന്റെ സ്വതന്ത്രതയും സമ്പദ്‌വ്യവസ്ഥയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മോർട്ട്‌ഗേജ് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ലിസ കുക്കിനെ ട്രംപ് പുറത്താക്കിയത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും, തനിക്ക് ന്യായമായ വാദാവകാശം നൽകിയില്ലെന്നും കുക്ക് കോടതിയെ അറിയിച്ചു.
ട്രംപ് നിയമിച്ച കൺസർവേറ്റീവ് ജഡ്ജിയായ ബ്രെറ്റ് കാവനോ ഉൾപ്പെടെയുള്ള ജസ്റ്റിസുമാർ പോലും കുക്കിന്റെ വാദങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചു. 'കൂടുതൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ എന്താണ് ഭയം?' എന്നാണ് കാവനോ ചോദിച്ചത്. പ്രസിഡന്റിന് പരിമിതിയില്ലാത്ത അധികാരം നൽകുന്ന വ്യാഖ്യാനം ഫെഡിന്റെ സ്വതന്ത്രത തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിയമപ്രകാരം, ഫെഡറൽ റിസർവ് ഗവർണറെ 'യോഗ്യമായ കാരണം' ഉണ്ടെങ്കിൽ മാത്രമേ പുറത്താക്കാൻ കഴിയൂ. ഈ വ്യവസ്ഥ രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് കേന്ദ്രബാങ്കിനെ സംരക്ഷിക്കുന്നതിനുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുക്ക് ഒരേ സമയം രണ്ട് പ്രധാന വസതികളായി മോർട്ട്‌ഗേജ് രേഖകളിൽ രേഖപ്പെടുത്തിയെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. എന്നാൽ ഇത് ഭാഗികവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രേഖകളുടെ അടിസ്ഥാനത്തിലുള്ള ആരോപണമാണെന്നും, ക്രിമിനൽ കുറ്റമോ വഞ്ചനയോ ഇല്ലെന്നും കുക്കിന്റെ അഭിഭാഷകർ വ്യക്തമാക്കി.
കേസിന്റെ അന്തിമ വിധി വരുന്നതുവരെ കുക്കിനെ പുറത്താക്കരുതെന്നു കീഴ് കോടതികൾ നൽകിയ ഉത്തരവ് തുടരണമെന്ന് സുപ്രീം കോടതി സൂചന നൽകി. ഫെഡിന്റെ സ്വതന്ത്ര പ്രവർത്തനത്തിന് ഈ കേസ് നിർണായകമാണെന്ന് ജസ്റ്റിസുമാർ നിരീക്ഷിച്ചു.
ഫെഡ് ഗവർണറെ പുറത്താക്കിയ നടപടി: ട്രംപിന് തിരിച്ചടി സൂചന നൽകി യുഎസ് സുപ്രീം കോടതി
