ദാവോസ്: ഇന്ത്യയുമായി 'നല്ല' ഒരു വ്യാപാര കരാര്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അദ്ദേഹം 'അത്ഭുതകരനായ നേതാവ്' എന്നും 'മികച്ച സുഹൃത്ത്' എന്നും വിശേഷിപ്പിച്ചു. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലെ പ്രസംഗത്തിനിടെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.
ഇന്ത്യ- അമേരിക്ക വ്യാപാരകരാറിനെക്കുറിച്ച് മാധ്യമ ്രപവര്ത്തകന്റെ ചോദ്യത്തിന് മറുപടിയായി നിങ്ങളുടെ പ്രധാനമന്ത്രിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം അത്ഭുതകരനായ വ്യക്തിയും തന്റെ സുഹൃത്തുമാണെന്നും നമ്മള് ഒരു നല്ല കരാര്‍ നേടുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതികള്‍ക്ക് ചുമത്തിയ തീരുവ 50 ശതമാനമായി ഉയര്‍ന്നിട്ട് ഏകദേശം അഞ്ച് മാസം പിന്നിടുകയാണ്. ഇതില്‍ പകുതി റഷ്യന്‍ എണ്ണ വാങ്ങിയതിനുള്ള 'ശിക്ഷ'യെന്ന നിലയിലാണ് ട്രംപ് വിശേഷിപ്പിച്ചത്. വ്യാപാരകരാര്‍ എപ്പോള്‍ ഉണ്ടാകുമെന്നതിനെക്കുറിച്ചോ ഉണ്ടാകുമോയെന്നതിനെക്കുറിച്ചോ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
തീരുവ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുതന്നെ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചര്‍ച്ചകള്‍ക്ക് പച്ചക്കൊടി ലഭിച്ചതിന് പിന്നാലെ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും നടത്തിയ പരാമര്‍ശങ്ങള്‍ ഈ അനിശ്ചിതത്വം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ പ്രധാന സഹായികളിലൊരാളായ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്നിക്, പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റിനെ 'വിളിക്കാത്തത്' കൊണ്ടാണ് ഇന്ത്യ- അമേരിക്ക വ്യാപാരകരാര്‍ തകരാറിലായതെന്ന് അവകാശപ്പെട്ടു. ഇന്ത്യയ്ക്കെതിരെ തീരുവ 500 ശതമാനമായി ഉയര്‍ത്താന്‍ കഴിയുന്ന ബില്ലിന് ട്രംപ് അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് അടുത്തിടെ പറഞ്ഞത്. പ്രധാനമന്ത്രി മോഡിയുമായി സൗഹൃദം പ്രഖ്യാപിക്കുന്നതിനിടയിലും ഇന്ത്യ- യു എസ് ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ട്രംപ് എങ്ങനെ കാണുന്നുവെന്നതിന്റെ ആശങ്കാജനകമായ സൂചനകളായാണ് ഇവ വിലയിരുത്തപ്പെട്ടത്.
ലട്നിക്കിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ഉടന്‍ തന്നെ തള്ളി. ഇന്ത്യ അമേരിക്കയുടെ ഒരു പ്രധാന പങ്കാളിയാണെന്നും വ്യാപാര ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇന്ത്യയിലെ പുതിയ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അടുത്തിടെ പറഞ്ഞതോടെ പ്രതീക്ഷ വീണ്ടും ഉയര്‍ന്നു.
ഈ മാസം ആദ്യം തന്നെ ഇന്ത്യയ്ക്കെതിരായ തീരുവകള്‍ കൂടുതല്‍ ഉയര്‍ത്താനാകുമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി മോഡിയെ അദ്ദേഹം 'ഒരു നല്ല ആളാണ്' എന്നും വിശേഷിപ്പിച്ചു.
അമേരിക്കയുടെ ശക്തമായ സാമ്പത്തിക പ്രകടനത്തെ ട്രംപ് പ്രശംസിച്ചു. രാജ്യത്തെ സാമ്പത്തിക കുതിപ്പ് ലോകത്തിനൊട്ടാകെ ഗുണം ചെയ്യുന്നതാണെന്നും ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അമേരിക്കയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 56-ാമത് വാര്‍ഷിക ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ അമേരിക്കയെ 'ലോകത്തിന്റെ സാമ്പത്തിക എഞ്ചിന്' എന്നായി ട്രംപ് വിശേഷിപ്പിച്ചു. വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ആദ്യ വര്‍ഷത്തെ നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.
