ദാവോസ്: ലോക സാമ്പത്തിക ഫോറത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്'ന്റെ ആദ്യ ചാര്‍ട്ടര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാവിയില്‍ യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആഗോള സംഘര്‍ഷ മേഖലകളിലേക്കും ഈ സമിതിയുടെ പരിധി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ട്രംപ് വ്യക്തമാക്കി.
'ബോര്‍ഡ് ഓഫ് പീസ്' ഐക്യരാഷ്ട്രസഭയുമായി 'സഹകരിച്ചായിരിക്കും' പ്രവര്‍ത്തിക്കുകയെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭ ഇതുവരെ തന്റെ 'സമ്പൂര്‍ണ ശേഷി ഉപയോഗിച്ചിട്ടില്ല' എന്നും ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവച്ച ശേഷം ട്രംപ് അഭിപ്രായപ്പെട്ടു.
പ്രസംഗത്തില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് നിര്‍ബന്ധമായും ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് ട്രംപ് കര്‍ശനമായി മുന്നറിയിപ്പ് നല്‍കി. അവര്‍ ആയുധങ്ങള്‍ കൈവിടണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അവരുടെ അന്ത്യം അതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ജനുവരി 15-നാണ് 'ബോര്‍ഡ് ഓഫ് പീസ്' രൂപീകരിക്കുന്നതായി പ്രഖ്യാപനം നടന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2803 അംഗീകരിച്ച ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിരുന്നു ഇത്.
ഗാസയിലെ ആയുധനിരോധനം, മാനവിക സഹായ വിതരണം, അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം, കൂടാതെ അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള ഗാസ അഡ്മിനിസ്‌ട്രേഷന്‍ ദേശീയ സമിതി/g'z കീഴില്‍ ഒരു സാങ്കേതിക പeലസ്തീന്‍ ഭരണസംവിധാനം രൂപീകരിക്കല്‍ എന്നിവയ്ക്കാണ് ബോര്‍ഡ് മേല്‍നോട്ടം വഹിക്കുക.
ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി പ്രവര്‍ത്തിക്കാവുന്ന 'സാധ്യതയുള്ള ഒരു സമാന്തര, ഔദ്യോഗികമല്ലാത്ത വേദിയായി' ഈ ബോര്‍ഡിനെ ട്രംപ് കാണുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാസയിലെ പ്രവര്‍ത്തന ഫലപ്രാപ്തി വിലയിരുത്തിയ ശേഷം റഷ്യ- യുക്രെയ്ന്‍, അസര്‍ബൈജാന്‍- അര്‍മേനിയ തുടങ്ങിയ മറ്റ് ആഗോള സംഘര്‍ഷങ്ങളിലേക്കും ബോര്‍ഡിന്റെ ചുമതലകള്‍ വ്യാപിപ്പിക്കാന്‍ അമേരിക്ക പരിഗണിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിക്കോളാസ് മഡൂറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും അമേരിക്ക പിടികൂടിയതിനെ തുടര്‍ന്ന് ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയിലായ വെനിസ്വേലയിലേക്കും ബോര്‍ഡിന്റെ പരിധി വ്യാപിപ്പിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഈ പദ്ധതിയെ 'ഇതുവരെ രൂപീകരിച്ച ഏറ്റവും മഹത്തായതും ഏറ്റവും അഭിമാനകരവുമായ ബോര്‍ഡ്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്നര്‍, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ശതകോടീശ്വരന്‍ മാര്‍ക്ക് റൊവന്‍, ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരാണ് സ്ഥാപക എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പ്രമുഖര്‍.
