റഷ്യ- യുക്രെയ്്ന്‍ സമാധാന ചര്‍ച്ചകള്‍ 'ഒരു വിഷയത്തിലേക്ക് മാത്രം' ചുരുങ്ങിയെന്ന് യു എസ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്

റഷ്യ- യുക്രെയ്്ന്‍ സമാധാന ചര്‍ച്ചകള്‍ 'ഒരു വിഷയത്തിലേക്ക് മാത്രം' ചുരുങ്ങിയെന്ന് യു എസ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്


ദാവോസ്: റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഒരു പ്രധാന വിഷയത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ട്രംപുമായി ചര്‍ച്ചകള്‍ക്കായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി എത്തുന്നതിനുമുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇരു പക്ഷങ്ങളും പ്രശ്‌നപരിഹാരത്തിന് തയ്യാറാണെങ്കില്‍ തീര്‍ച്ചയായും ഇത് പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്നറിനൊപ്പം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്ക് യാത്രതിരിക്കുമെന്നും വിറ്റ്‌കോഫ് അറിയിച്ചു. എന്നാല്‍ മോസ്‌കോയില്‍ രാത്രി തങ്ങില്ലെന്നും തുടര്‍ന്ന് യു എ ഇ തലസ്ഥാനമായ അബുദാബിയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ സൈനിക  തലത്തിലുള്ള പ്രവര്‍ത്തക സംഘങ്ങളിലൂടെ ചര്‍ച്ചകള്‍ തുടരുമെന്നാണ് വിവരം.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വിറ്റ്‌കോഫിന്റെ നയതന്ത്ര ശ്രമങ്ങളെ മോസ്‌കോ അഭിനന്ദിക്കുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്  അറിയിച്ചു. എന്നാല്‍ സമാധാന കരാര്‍ അടുത്തിരിക്കുകയാണെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

വിറ്റ്‌കോഫിന്റെ സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിന്‍ അറിയിച്ചിരുന്നു.

ദാവോസില്‍ ട്രംപും സെലെന്‍സ്‌കിയും കൂടിക്കാഴ്ച നടത്തുമെന്ന് നിശ്ചയിച്ചിരുന്നു. അതിനു ശേഷമായിരിക്കും ഇക്കണോമിക് ഫോറത്തെ സെലെന്‍സ്‌കി അഭിസംബോധന ചെയ്യുകയെന്ന് സെലെന്‍സ്‌കിയുടെ വക്താവ് സെര്‍ഗി നൈകിഫോറോവ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. 

യുദ്ധപരിഹാരവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉറപ്പുകളും യുദ്ധാനന്തര പുനര്‍നിര്‍മ്മാണ ധനസഹായവും ഉള്‍പ്പെടുന്ന കരാര്‍ ട്രംപുമായി ഒപ്പിടാനുള്ള സാധ്യത ഉണ്ടെങ്കില്‍ മാത്രമേ താന്‍ ദാവോസിലേക്ക് യാത്ര ചെയ്യൂവെന്ന് സെലെന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

ദാവോസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം പുടിനും സെലെന്‍സ്‌കിയും കരാറിന് അടുത്താണെന്ന് അവകാശവാദം ആവര്‍ത്തിച്ച ട്രംപ്  അത് നടക്കാത്ത പക്ഷം അവര്‍ മണ്ടന്മാരാണെന്നും പറഞ്ഞു.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വിവിധ കരട് പദ്ധതികളുമായി ബന്ധപ്പെട്ട് അമേരിക്ക റഷ്യയുമായും കീവ് ഭരണകൂടവുമായും യൂറോപ്യന്‍ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.