സ്വയം മടങ്ങാന്‍ തയ്യാറാകുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് 2,600 ഡോളര്‍ 'എക്സിറ്റ് ബോണസ്'

സ്വയം മടങ്ങാന്‍ തയ്യാറാകുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് 2,600 ഡോളര്‍ 'എക്സിറ്റ് ബോണസ്'


വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ കര്‍ശന നടപടികള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ സ്വമേധയാ അമേരിക്ക വിടുന്നതിനായി പുതിയ പ്രോത്സാഹന പദ്ധതി ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി എച്ച് എസ്) പ്രഖ്യാപിച്ചു.

നാടുവിടാന്‍ സ്വയം തയ്യാറാകുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് 2,600 ഡോളര്‍ വീതം 'എക്സിറ്റ് പേയ്‌മെന്റ്' നല്‍കുമെന്ന് ഡി എച്ച് എസ് സെക്രട്ടറി ക്രിസ്റ്റി നോയം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രഖ്യാപനം.

സിബിപി ഹോം എന്ന പദ്ധതിയിലൂടെ ഇതിനകം 'പതിനായിരക്കണക്കിന് ആളുകള്‍' ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും നോയം വ്യക്തമാക്കി. 2025 ജനുവരി മുതല്‍ ഇതുവരെ കുറഞ്ഞത് 22 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ സ്വമേധയാ രാജ്യത്ത് നിന്ന് മടങ്ങിയതായും അവര്‍ പറഞ്ഞു.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയതിന് ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കില്‍ അമേരിക്ക വേഗത്തില്‍ തന്നെ നശിച്ചുപോകുമായിരുന്നു എന്നും മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് രാജ്യം പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.

താന്‍ വലിയ കുഴപ്പമാണ് ഏറ്റെടുത്തതെങ്കിലും അവയെല്ലാം തിരുത്തിയെന്നാണ് ട്രംപ് പറഞ്ഞത്. 

മിനസോട്ടയില്‍ നടപ്പാക്കിയ കുറ്റകൃത്യങ്ങള്‍ക്കെതിരായ കര്‍ശന നടപടികളുടെ ഭാഗമായി അടുത്തിടെ അറസ്റ്റ് ചെയ്ത അനധികൃത കുടിയേറ്റ കുറ്റവാളികളുടെ മഗ്ഷോട്ടുകളും ചിത്രങ്ങളും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇവരില്‍ ഭൂരിഭാഗവും കൊലപാതകങ്ങളിലും മറ്റ് ഗുരുതര അക്രമ കുറ്റങ്ങളിലും പ്രതികളാണെന്ന് അദ്ദേഹം പറഞ്ഞു.

2025ലെ ട്രംപിന്റെ പ്രധാന നേട്ടങ്ങളെ വൈറ്റ് ഹൗസ് പ്രശംസിച്ചു. പരിവര്‍ത്തനാത്മകമായ ഫലങ്ങളാണ് ട്രംപ് കൈവരിച്ചത് എന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍.

ട്രംപിന്റെ '365 ദിവസം 365 വിജയങ്ങള്‍' എന്ന പേരില്‍ വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ ഒരു രേഖയും പ്രസിദ്ധീകരിച്ചു. ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയതോടെ 'വിജയത്തിന്റെയും സമൃദ്ധിയുടെയും പുതിയ യുഗം' ആരംഭിച്ചതായി അതില്‍ പറയുന്നു.