ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ നേറ്റോ സേനയുടെ പങ്കിനെ കുറിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ ശക്തമായി വിമര്‍ശിച്ചു. പ്രസ്താവനകള്‍ അപമാനകരവും സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതുമാണ് എന്നും ട്രംപ് ഇതിന് മാപ്പ് പറയണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്ത് നേറ്റോ സേന മുന്‍നിരയില്‍ നിന്നില്ലെന്ന ട്രംപിന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സ്റ്റാര്‍മറിന്റെ പ്രതികരണം. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിനായി സേവനം ചെയ്തവരുടെ കുടുംബങ്ങളെ ആഴത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും. പ്രസിഡന്റ് ട്രംപിന്റെ വാക്കുകള്‍ അപമാനകരവും അങ്ങേയറ്റം അസ്വീകാര്യവുമാണെന്നും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവര്‍ക്ക് ഇത് വലിയ വേദനയുണ്ടാക്കിയതില്‍ അത്ഭുതമില്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
2001 സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ഏകദേശം ഒരു മാസം കഴിഞ്ഞ് അല്‍-ഖ്വയ്ദയെയും അവര്‍ക്ക് അഭയം നല്‍കിയ താലിബാനെയും തകര്‍ക്കുന്നതിനായി യു എസ് നേതൃത്വത്തിലുള്ള സഖ്യം അഫ്ഗാനിസ്ഥാന്‍ ആക്രമിച്ചിരുന്നു. ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും ആക്രമണങ്ങള്‍ക്ക് പിന്നാലെ നേറ്റോയുടെ പരസ്പര പ്രതിരോധ വ്യവസ്ഥ ആദ്യമായി പ്രാബല്യത്തില്‍ വന്നതോടെയാണ് യു എസിനൊപ്പം ബ്രിട്ടന്‍ ഉള്‍പ്പെടെ നിരവധി നേറ്റോ രാജ്യങ്ങള്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്.
അഫ്ഗാനിസ്ഥാനില്‍ ജീവന്‍ നഷ്ടപ്പെട്ട 457 ബ്രിട്ടീഷ് സൈനികര്‍ക്കു സ്റ്റാര്‍മര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അവരുടെ ധൈര്യവും വീര്യവും രാജ്യത്തിനായി അവര്‍ നല്‍കിയ ബലിയുമെനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ട്രംപ് മാപ്പ് പറയേണ്ടതുണ്ടെന്നും സ്റ്റാര്‍മര്‍ ആവര്‍ത്തിച്ചു.
9/11ന് ശേഷം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ യു എസിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2014 വരെ, പ്രത്യേകിച്ച് ഹെല്‍മണ്ട് പ്രവിശ്യയില്‍, അഫ്ഗാനിസ്ഥാനിലെ സൈനിക പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടന്‍ നിര്‍ണായക പങ്കുവഹിച്ചു. അമേരിക്കന്‍ സേന 2021 വരെ അവിടെ തുടര്‍ന്നു. പിന്നീട് താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തു.
2001ലെ ആക്രമണത്തിന് ശേഷം 1.5 ലക്ഷത്തിലധികം ബ്രിട്ടീഷ് സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചു. യു എസിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക സാന്നിധ്യമായിരുന്നു ഇത്.
പോളണ്ട് പ്രതിരോധ മന്ത്രി വ്‌ളാഡിസ്ലാവ് കോസിനിയാക്-കാമിഷ്, അഫ്ഗാനിസ്ഥാനിലെ പോളിഷ് സേനയുടെ സംഭാവന അവഗണിക്കരുതെന്ന് വ്യക്തമാക്കി. 33,000-ലധികം പോളിഷ് സൈനികരും സൈനിക ഉദ്യോഗസ്ഥരും അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചുവെന്നും 43 സൈനികരും ഒരു സിവിലിയന്‍ ജീവനക്കാരനും അവിടെ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ ഭീഷണിയിലാകുന്ന നിമിഷങ്ങളില്‍ പോളണ്ട് എന്നും ഉത്തരവാദിത്തപരവും വിശ്വസനീയവുമായ സഖ്യകക്ഷിയായാണ് നിലകൊണ്ടിട്ടുള്ളതെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി പറഞ്ഞു.
നേറ്റോയുടെ കീഴില്‍ അഫ്ഗാനിസ്ഥാനും ഇറാഖും ഉള്‍പ്പെടെയുള്ള ദൗത്യങ്ങളില്‍ പോളിഷ് സൈന്യം സഖ്യകക്ഷികളോടൊപ്പം പങ്കെടുത്തു. ഇന്ന് പോലും നേറ്റോയുടെ ദൗത്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും പോളണ്ട് സജീവമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സൈനികര്‍ ജീവന്‍ നഷ്ടപ്പെട്ട ദുഃഖകരമായ നിമിഷങ്ങള്‍, അന്താരാഷ്ട്ര സുരക്ഷയും പോളണ്ടിന്റെ സുരക്ഷയും സംരക്ഷിക്കാന്‍ തങ്ങള്‍ പരമാവധി വില നല്‍കാന്‍ തയ്യാറാണെന്നതിന്റെ തെളിവാണെന്നും ഈ ബലി ഒരിക്കലും മറക്കപ്പെടില്ലെന്നും അവഗണിക്കപ്പെടുകയും ചെയ്യരുതെന്നും മന്ത്രി വ്യക്തമാക്കി.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തങ്ങള്‍ക്ക് അവരെ ഒരിക്കലും ആവശ്യമുണ്ടായിട്ടില്ലെന്നും അവരോട് ഒന്നും ചോദിച്ചിട്ടുമില്ലെന്നും പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് ചില സേനയെ അയച്ചുവെന്ന് അവര്‍ പറയാറുണ്ട്. എന്നാല്‍ അവര്‍ മുന്‍നിരയില്‍ നിന്നില്ല, കുറച്ചുകൂടി പിന്നിലായിരുന്നു എന്നും ട്രംപ് പരാമര്‍ശിച്ചിരുന്നു.
