ദാവോസ്: നിര്‍മിത ബുദ്ധി (എഐ) അടുത്ത കാലയളവില്‍ തൊഴില്‍ വിപണിയെ ശക്തമായി ബാധിക്കുമെന്നും വികസിത രാജ്യങ്ങളിലെ 60 ശതമാനം ജോലികള്‍ക്ക് ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നും അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയേവ മുന്നറിയിപ്പ് നല്‍കി. 'എ ഐ സുനാമി' തൊഴില്‍ വിപണിയെ തകര്‍ക്കുമെന്നും പ്രത്യേകിച്ച് എന്‍ട്രി- ലെവല്‍ ജോലികള്‍ ഇല്ലാതാകുന്നതിനാല്‍ യുവാക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും അവര്‍ പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് ജോര്‍ജിയേവ ഇക്കാര്യം വ്യക്തമാക്കിയത്. ഐ എം എഫിന്റെ ഗവേഷണങ്ങളെ ഉദ്ധരിച്ച് എ ഐ വ്യാപകമാകുന്നതിനനുസരിച്ച് ആവശ്യമായ നൈപുണ്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അടുത്ത വര്‍ഷങ്ങളില്‍ വികസിത സമ്പദ്വ്യവസ്ഥകളില്‍ 60 ശതമാനം ജോലികള്‍ക്ക് എ ഐയുടെ സ്വാധീനം ഉണ്ടാകും. ചിലത് മെച്ചപ്പെടും, ചിലത് ഇല്ലാതാകും, ചിലത് പൂര്‍ണമായി രൂപാന്തരപ്പെടും. ആഗോളതലത്തില്‍ ഇത് 40 ശതമാനമാണ്. ഇത് തൊഴില്‍ വിപണിയെ ബാധിക്കുന്ന ഒരു സുനാമിപോലെയാണെന്നും ജോര്‍ജിയേവ പറഞ്ഞു.
വികസിത രാജ്യങ്ങളിലെ പത്ത് ജോലികളില്‍ ഒന്ന് ഇതിനകം തന്നെ എ ഐയുടെ സഹായത്തോടെ മെച്ചപ്പെട്ടതായി മാറിയിട്ടുണ്ടെന്നും ഇതുവഴി തൊഴിലാളികളുടെ വേതനം ഉയരുകയും പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് ഗുണകരമായ ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, യുവാക്കള്‍ സാധാരണയായി ഏറ്റെടുക്കുന്ന ജോലികള്‍ എ ഐ ഇല്ലാതാക്കുമെന്നതാണ് ഏറ്റവും വലിയ ആശങ്കയെന്നും ജോര്‍ജിയേവ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ എന്‍ട്രി- ലെവല്‍ ജോലികളില്‍ ചെയ്യപ്പെടുന്ന പല ചുമതലകളും ഇല്ലാതാകും. അതിനാല്‍ ജോലി തേടുന്ന യുവാക്കള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.
എ ഐയ്ക്ക് മതിയായ നിയന്ത്രണങ്ങള്‍ ഇല്ലെന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നും ഐ എം എഫ് മേധാവി പറഞ്ഞു. ഇത് അതിവേഗത്തിലാണ് മുന്നേറുന്നത്. അതിനെ സുരക്ഷിതമാക്കാനും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളുന്നതാക്കാനും എങ്ങനെ എന്നത് നമുക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. ഉണരുക എ ഐ യാഥാര്‍ഥ്യമാണ്, നമ്മള്‍ അതിനെ നിയന്ത്രിക്കുന്നതിലുപരി വേഗത്തിലാണ് അത് ലോകത്തെ മാറ്റുന്നതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ഈ പാനലില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിന്‍ ലഗാര്‍ഡും പങ്കെടുത്തു. യു എസ് തീരുവാ തടസ്സങ്ങള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അവിശ്വാസം വര്‍ധിച്ചാല്‍ എ ഐ വളര്‍ച്ചക്ക് തടസ്സമുണ്ടാകുമെന്ന് ലഗാര്‍ഡ് പറഞ്ഞു.
നാം പരസ്പരം ആശ്രിതരാണ് എന്ന് ലഗാര്‍ഡ് പറഞ്ഞു. എ ഐ മൂലധനാധിഷ്ഠിതവും ഊര്‍ജാധിഷ്ഠിതവും ഡേറ്റ അധിഷ്ഠിതവുമാണെന്നും രാജ്യങ്ങള്‍ സഹകരിച്ച് 'പുതിയ കളിനിയമങ്ങള്‍' നിര്‍വചിച്ചില്ലെങ്കില്‍ മൂലധനവും ഡേറ്റയും കുറയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ആഗോള അസമത്വം കൂടുതല്‍ ശക്തമാകുമെന്നും ലഗാര്‍ഡ് ചൂണ്ടിക്കാട്ടി.
മുന്‍പ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ദാവോസില്‍ എ ഐയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഊര്‍ജം പോലുള്ള വിഭവങ്ങള്‍ക്കായി മത്സരിക്കാന്‍ ആവശ്യമായ 'സാമൂഹിക അംഗീകാരം' എ ഐക്ക് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും ശക്തമായ ചില ടെക് കമ്പനികള്‍ക്ക് മാത്രമല്ല സമൂഹത്തിന് മുഴുവന്‍ ഗുണം ചെയ്യുന്ന ഫലങ്ങള്‍ പുതിയ മരുന്നുകളുടെ വേഗത്തിലുള്ള വികസനം പോലുള്ളവഉണ്ടാക്കാനാകുന്നില്ലെങ്കില്‍ ഈ അപകടം വര്‍ധിക്കുമെന്നും നാദെല്ല പറഞ്ഞു.
