ദോഹ: 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകള്‍ വാങ്ങിയ ആരാധകര്‍ക്ക് യു എസിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് 'ഫിഫ പാസ്' എന്ന മുന്‍ഗണന വിസ അപ്പോയിന്റ്മെന്റ് സംവിധാനം ആരംഭിച്ചതായി ഫിഫ പ്രഖ്യാപിച്ചു. യു എസിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ലോകകപ്പ് ടിക്കറ്റ് ഉടമകള്‍ക്ക് വേണ്ടിയാണ് ഈ സ്വമേധയാ രജിസ്റ്റര്‍ ചെയ്യാവുന്ന പദ്ധതി.
ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് വിസ അഭിമുഖത്തിനുള്ള മുന്‍ഗണനാ അപ്പോയിന്റ്മെന്റ് ലഭിക്കാനുള്ള അവസരമാണ് ഫിഫ പാസിലൂടെ ടിക്കറ്റുള്ളവര്‍ക്ക് ലഭിക്കുക. നിലവിലെ എല്ലാ ടിക്കറ്റ് ഉടമകള്‍ക്കും അടുത്ത ദിവസങ്ങളില്‍ ഫിഫയുടെ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴി ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഭാവിയില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ടിക്കറ്റ് വാങ്ങുന്ന സമയത്ത് തന്നെ പദ്ധതിയില്‍ ചേരാനാകും.
യു എസ് വിസ അഭിമുഖത്തിനുള്ള കാത്തിരിപ്പ് സമയം കൂടുതലുള്ള രാജ്യങ്ങളിലെ ആരാധകര്‍ക്ക് ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് ഫിഫ വ്യക്തമാക്കി.
ഫിഫ ഡോട്ട് കോം അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഫിഫ പാസ് 'ഓപ്റ്റ് ഇന്‍' ഫോം സമര്‍പ്പിച്ച് വിസ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കണം. അപേക്ഷ നല്‍കുന്ന രാജ്യത്തിന്റെ (പൗരത്വം/ താമസം) വിശദാംശങ്ങള്‍ തെരഞ്ഞെടുക്കുകയും ഓണ്‍ലൈന്‍ ഡിഎസ് 160 ഫോം പൂരിപ്പിക്കുകയും പുതിയ ഫോട്ടോ അപ്ലോഡ് ചെയ്ത് വിസ ഫീസ് അടയ്ക്കുകയും ചെയ്യണം.
വിസ അഭിമുഖത്തിനുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും ടിക്കറ്റ് ഉടമയാണോ എന്ന് ചോദിച്ചാല്‍ 'യെസ്' എന്ന് രേഖപ്പെടുത്തുകയും വേണം. ഫിഫ പാസ് ഫോമിലും വിസ അപേക്ഷയിലുമുള്ള വിവരങ്ങള്‍ പൊരുത്തപ്പെടുന്നുവെങ്കില്‍ ഫിഫ പാസ് അപ്പോയിന്റ്മെന്റിലേക്കുള്ള പ്രവേശനം ലഭിക്കും.
അതേസമയം, ഫിഫ പാസ് വഴി അപ്പോയിന്റ്മെന്റ് ലഭിക്കുന്നത് വിസ അനുവദിക്കപ്പെടുമെന്ന് ഉറപ്പു നല്‍കുന്നതല്ലെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. മറ്റ് അപേക്ഷകരെ പോലെ തന്നെ വിശദമായ പരിശോധനയ്ക്ക് വിധേയരാകുകയും വിസയ്ക്ക് അര്‍ഹത തെളിയിക്കേണ്ടതുണ്ടെന്നും അറിയിച്ചു.
വിസ അഭിമുഖം നിര്‍ബന്ധമായുള്ള ആരാധകരെയാണ് ഫിഫ പാസ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിസ വേവര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ പദ്ധതിക്ക് പരിമിതമായ പ്രാധാന്യമേ ഉള്ളൂ.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഭൂരിഭാഗം, യു കെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇസ്രയേല്‍, സിംഗപ്പൂര്‍, ചിലി, ഖത്തര്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ 90 ദിവസം വരെ യു എസില്‍ പ്രവേശിക്കാം. എങ്കിലും യാത്രയ്ക്കുമുമ്പ് എസ്റ്റ അനുമതി നിര്‍ബന്ധമാണ്.
എന്നാല്‍, ഭാവിയില്‍ എസ്റ്റ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് യു എസ് അധികൃതര്‍ സൂചിപ്പിച്ചു. 2025 അവസാനത്തോടെ മൊബൈല്‍ ആധികാരിക സംവിധാനത്തിലേക്ക് മാറുന്നതും കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതുമായ നിര്‍ദേശങ്ങള്‍ പൊതുചര്‍ച്ചയ്ക്ക് വെച്ചിട്ടുണ്ട്. ഇതില്‍ മുഖചിത്ര അപ്ലോഡ്, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍, ദീര്‍ഘകാല ഇമെയില്‍- ഫോണ്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടാം. ഇതുസംബന്ധിച്ച പൊതുഅഭിപ്രായ സമാഹരണം 2026 ഫെബ്രുവരി ആദ്യവാരം വരെ തുടരും.
2025 നവംബറില്‍ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ഫിഫ പാസ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, യു എസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, 75 രാജ്യങ്ങള്‍ക്ക് ഇമിഗ്രന്റ് വിസ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ഇത് ടൂറിസ്റ്റ് വിസ (ബി2) പോലുള്ള നോണ്‍-ഇമിഗ്രന്റ് വിസകള്‍ക്ക് ബാധകമല്ലെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. അതിനാല്‍, ലോകകപ്പ് കാണാനായി ആരാധകര്‍ക്ക് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം.
അള്‍ജീരിയ, ബ്രസീല്‍, ഘാന, മൊറോക്കോ, സെനഗല്‍, ഉറുഗ്വേ എന്നിവ ഉള്‍പ്പെടെ ലോകകപ്പിന് യോഗ്യത നേടിയ ചില രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യോഗ്യതാ മത്സരങ്ങളില്‍ ഉള്ള മറ്റ് ചില രാജ്യങ്ങളും ഇതില്‍പ്പെടുന്നു.
യു എസിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ ആരാധകര്‍ക്ക് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഇറാനും ഹൈതിയും പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വിധേയരാണ്. ഐവറി കോസ്റ്റ്, സെനഗല്‍ എന്നിവയ്ക്ക് ഭാഗിക നിയന്ത്രണങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലെ ആരാധകര്‍ക്ക് ഫിഫ പാസ് ഉണ്ടായാലും നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സാധിക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. താരങ്ങള്‍ക്കും ടീമംഗങ്ങള്‍ക്കുമുള്ള ഇളവുകള്‍ ആരാധകര്‍ക്കു ബാധകമല്ല.
48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പായ 2026 ഫിഫ ലോകകപ്പ് കാനഡ, മെക്‌സിക്കോ, യു എസ് എന്നീ രാജ്യങ്ങളിലായി 16 നഗരങ്ങളിലായാണ് നടക്കുക. 104 മത്സരങ്ങളില്‍ 78 എണ്ണം യു എസില്‍ നടക്കും. ഫൈനല്‍ മത്സരം ന്യൂജേഴ്സിയിലെ ഈസ്റ്റ് റദര്‍ഫോര്‍ഡിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് നടക്കുക.
