ലോകത്തെ ആശങ്കയുടെ മുൾമുനയിൽ തറച്ച് ഇസ്രായേൽ ഇറാനെതിരെ ആക്രമണമഴിച്ചുവിട്ടു

ലോകത്തെ ആശങ്കയുടെ മുൾമുനയിൽ തറച്ച് ഇസ്രായേൽ ഇറാനെതിരെ ആക്രമണമഴിച്ചുവിട്ടു


എണ്ണയുടെയും സ്വർണത്തിന്റെയും വില കുതിച്ചുയർന്നു; ഓഹരി വിലകൾ ഇടിഞ്ഞു
ടെഹ്‌റാന്‍: കഴിഞ്ഞ ദിവസം ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രായേല്‍.
ഇസ്രായേല്‍ തൊടുത്തുവിട്ട മിസൈലുകള്‍ ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ പതിച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ബിബിസിയോട് പറഞ്ഞു. ഇറാന്റെ ഉത്തര--പശ്ചിമ നഗരമായ ഇസ്ഫഹാനില്‍ സ്‌ഫോടനശബ്ദം കേട്ടുവെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഇറാനിയന്‍ സിറ്റികളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു.

തങ്ങള്‍ ഇസ്രായേല്‍ വിക്ഷേപിച്ച ഡ്രോണുകള്‍ തകര്‍ത്തുവെന്ന് ഇറാനും അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിരവധി ദിവസങ്ങളായി ലോകം ആശങ്കയോടെ ഇസ്രായേലിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചുവരുകയായിരുന്നു.  

ഇസ്ഫഹാനിലെ വിമാനത്തവാളത്തിന് സമീപം നിന്നാണ് സ്‌ഫോടനശബ്ദം കേട്ടതെന്നാണ് മാധ്യമങ്ങള്‍ അറിയിക്കുന്നത്. ഇസ്ഫഹാന്‍ ഇറാന്റെ ഏറ്റവും വലിയ വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സുപ്രധാന ആണവകേന്ദ്രങ്ങളും വമ്പന്‍ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന നഗരമാണ് ഇസ്ഫഹാന്‍.

 ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.

ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുളള ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നു എന്ന് അമേരിക്ക പ്രതികരിച്ചു. അപകടത്തില്‍ പരിക്ക് പറ്റിയവരെ കുറിച്ചും മറ്റ് നാശനഷ്ടങ്ങളെകുറിച്ചും വ്യക്തമായ വിവരങ്ങള്‍ ഇത് വരെ ലഭിച്ചിട്ടില്ല.