റഫ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു; ഒരുലക്ഷം പേരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടു

റഫ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു; ഒരുലക്ഷം പേരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടു


ജറൂസലം: കിഴക്കൻ ഗാസയിൽ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ. അതിൻ്റെ ഭാഗമായി റഫയിൽനിന്ന് ഒഴിഞ്ഞുപോകാൻ ഏകദേശം ഒരു ലക്ഷം വരുന്ന റഫയിലെ  പലസ്തീനികളോട് ഇസ്രായേലി സേന ആവശ്യപ്പെട്ടു. 

ഗാസയിൽ വെടിനിർത്താൻ അന്താരാഷ്ട്രതലത്തിൽ തങ്ങൾക്ക് മേൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം വകവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇസ്രായേലി ഭരണനേതൃത്വം. ഞായറാഴ്ച്ച ജറുസലേമിലെ യാദ് വാഷേം ഹോളോകോസ്റ്റ് സ്മൃതിമണ്ഡപത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിൻറെ 'കൂട്ടക്കുരുതിക്കാരായ ശത്രുക്കളെ' നേരിടാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഗാസയിലെ സംഘർഷം ആരംഭിച്ച് ഏഴുമാസങ്ങൾ പിന്നിട്ടെങ്കിലും ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നകാര്യത്തിൽ ദൃഢചിത്തനാണ് നെതന്യാഹു. ഈ നിലപാടും ഗാസയുടെ തെക്കേയറ്റത്തുള്ള റഫയിലേക്ക് സേനയെ അയക്കാനുള്ള തീരുമാനവും വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ഹമാസ് തടവിൽ പാർപ്പിച്ചിട്ടുള്ള 130ലേറെ ഇസ്രായേലി ബന്ദികളെ ഇതെങ്ങനെ ബാധിക്കുമെന്ന ചോദ്യം ഉയർന്നിട്ടുണ്ടെങ്കിലും അതൊന്നും തന്നെ പിന്തിരിപ്പിക്കില്ലെന്ന നിലപാടിലാണ് നെതന്യാഹു.

ഹമാസിന് ഇസ്രയേലിനെ തകർക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. അവർക്ക് അതിനുള്ള കെല്പില്ലാത്തത് കൊണ്ടുമാത്രമാണ് അവർ ഒക്ടോബർ 7ന് 1200ഓളം  ഇസ്രായേലികളെ  കൊല്ലുന്നതിലും 200ഓളം പേരെ ബന്ദികളാക്കുന്നതിലും  തങ്ങളുടെ ആക്രമണം ഒതുക്കിയതെന്ന് നെതന്യാഹു ആരോപിച്ചു. ഇസ്രായേൽ ഗാസ മുനമ്പിൽ കൂട്ടക്കുരുതി നടത്തുകയാണെന്ന ആരോപണം നിഷേധിച്ച നെതന്യാഹു ഹമാസിന്റെ ലക്‌ഷ്യം നാസികളുടേതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്നും വാദിച്ചു.

ഹീബ്രു ഭാഷയിലെ പ്രസംഗത്തിനിടയിൽ അല്പം വാചകങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യമാക്കി പറയാനും നെതന്യാഹു മറന്നില്ല: "ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നാൽ, ഇസ്രായേൽ  ഒറ്റയ്ക്ക് നിൽക്കും. പക്ഷെ, ഞങ്ങൾക്കറിയാം ഞങ്ങൾ ഒറ്റയ്ക്കല്ലെന്ന്. ലോകത്തെ എണ്ണമറ്റ നല്ല മനുഷ്യർ ഞങ്ങളുടെ നീതിപൂർവകമായ നിലപാടിനൊപ്പമുണ്ട്. ഞാൻ നിങ്ങളോട് പറയുന്നു: നാം നമ്മുടെ കൂട്ടക്കുരുതിക്കാരായ ശത്രുക്കളെ പരാജയപ്പെടുത്തും. ഹോളോകോസ്റ്റ് പാഠങ്ങൾ പഠിക്കേണ്ട സന്ദർഭമാണിത്!"

റഫയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ എട്ട് കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച ഹമാസിൻ്റെ റോക്കറ്റാക്രമണത്തിൽ മൂന്ന് ഇസ്രായേൽ സൈനികരും  കൊല്ലപ്പെട്ടു. 

റഫയിൽ സൈനിക നീക്കമുണ്ടായാൽ അത് കൂട്ടക്കുരുതിക്ക് ഇടയാക്കു​മെന്ന് നോർവീജിയൻ റെഫ്യൂജി കൗൺസിൽ വക്താവ് ഹാദിദ് അറിയിച്ചു. കൂട്ടമായി ആളുകൾ മരിച്ചുവീഴുന്നത് ഒഴിവാക്കാനായി ആക്രമണത്തിൽനിന്ന് പിൻമാറാൻ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്താൻ യു.എസ് അടക്കമുള്ള സഖ്യകക്ഷി​കളോട് ആവശ്യപ്പെടുമെന്നും ഹാദിദ് വ്യക്തമാക്കി.