യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന് രണ്ടുതവണ ശ്രമം നടത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ഫോക്സ് ന്യൂസില്‍ അഭിമുഖത്തിനിടെയാണ് നെതന്യാഹു ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇറാനില്‍ ഇസ്രായേല്‍ നടത്തിയ സമീപകാല മിസൈല്‍ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിച്ച നെതന്യാഹു, 'അമേരിക്കയ്ക്ക് മരണം' എന്ന് മുദ്രാവാക്യം വിളിക്കുകയും 'പ്രസിഡന്റ് ട്രംപിനെ രണ്ടുതവണ വധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന' ആളുകള്‍ക്ക് 'ആണവായുധങ്ങളും അവ നിങ്ങളുടെ നഗരങ്ങളില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങളും' വേണോ എന്ന് അവതാരകന് ബ്രെറ്റ് ബയറോട് ചോദിച്ചു.
ഇറാന് രണ്ട് വധശ്രമങ്ങള്‍ നടത്തിയെന്ന നെതന്യാഹുവിന്റെ വാദത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ബെയര്‍ നെതന്യാഹുവിനെ സമ്മര്‍ദ്ദത്തിലാക്കി.
'ഏജന്റുമാര്‍ വഴിയായിരുന്നു, വധശ്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
'അവരുടെ(ഇറാന്റെ) ഇന്റലിജന്‍സ് വഴി, അതെ, അവര്‍ അദ്ദേഹത്തെ കൊല്ലാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹം(ട്രംപ് ) ഒന്നാം നമ്പര്‍ ശത്രുവാണ്.'
ജൂലൈയില്‍, അന്നത്തെ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിനെ കൊല്ലാനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞതിനെത്തുടര്‍ന്ന്, പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നടന്ന ഒരു റാലിക്കിടെ നടന്ന വധശ്രമത്തിന് മുമ്പുള്ള ആഴ്ചകളില്‍ സീക്രട്ട് സര്‍വീസ് ട്രംപിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
സെപ്റ്റംബറില്‍, 'ഇറാന് എന്റെ ജീവന് വലിയ ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെന്ന്' പ്രസിഡന്റ് അവകാശപ്പെട്ടു. നവംബറില്‍ നീതിന്യായ വകുപ്പ് ട്രംപിനെതിരെ കൊലപാതക ഗൂഢാലോചന നടത്താന്‍ ശ്രമിച്ചതിന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അംഗമായ ഫര്‍ഹാദ് ഷാക്കേരിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
'അദ്ദേഹം ഒരു നിര്‍ണായക നേതാവാണ്,' നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 'അടിസ്ഥാനപരമായി ഇറാന് യുറേനിയം സമ്പുഷ്ടമാക്കാനും ബോംബു നിര്‍മിക്കാനും അവസരം നല്കുന്ന തരത്തില്‍ മറ്റുള്ളവര്‍ സ്വീകരിച്ച ദുര്‍ബലമായ വിലപേശല്‍ പാത അദ്ദേഹം ഒരിക്കലും സ്വീകരിച്ചില്ല.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം മധ്യസ്ഥത വഹിച്ച 2015 ലെ ഇറാനിയന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ നെതന്യാഹു പരാമര്‍ശിച്ചു.
ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും കൊന്ന മിസൈല്‍ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതി തടയാനും ഭരണകൂടം ഒരു ആണവായുധം നേടുന്നത് തടയാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇറാനില്‍ ആക്രമണം നടത്തുന്ന വിവരം ട്രംപിനെയും അമേരിക്കന്‍ സുഹൃത്തുക്കളെയും അറിയിച്ചിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ആക്രമണങ്ങളില്‍ നിന്ന് വൈറ്റ് ഹൗസിനെ അകറ്റി നിര്‍ത്താന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ കഴിഞ്ഞ ആഴ്ച ആക്രമണങ്ങള്‍ക്ക് മുമ്പ് ഇറാനെതിരായ സൈനിക നടപടി തന്റെ ഭരണകൂടം നടത്തുന്ന സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഞായറാഴ്ച നടക്കാനിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കുകയും ചെയ്തു..
ഇറാനുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാന് ട്രംപ് മിഡില്‍ ഈസ്റ്റ് ദൂതന് സ്റ്റീവ് വിറ്റ്കോഫിനെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നത്.
ട്രംപിന്റെ ആവശ്യങ്ങള്‍ ഇറാന് പാലിച്ചാല്‍ താന്‍ തുറന്ന മനസോടെ പ്രവര്‍ത്തിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
'പ്രസിഡന്റ് ആഗ്രഹിക്കുന്നത്, അതായത് അവരുടെ സമ്പുഷ്ടീകരണ ശേഷി ഇല്ലാതാക്കുക എന്നത് അവര്‍ ചെയ്താല്‍ അത് വിലമതിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധത്തിലൂടെഎന്റെ രാജ്യവും സൈനികരും നേടിയെടുക്കുന്നതിനേക്കാള്‍ വലിയ നേട്ടമാകും അത്.
ട്രംപിനെ വധിക്കാന്‍ ഇറാന് രണ്ടുതവണ ശ്രമിച്ചുവെന്ന് നെതന്യാഹു
