പ്രചാരണം തെറ്റായ വിവരമെന്ന് അമേരിക്കൻ സൈനിക കമാൻഡ്
വാഷിംഗ്ടൺ: അമേരിക്കൻ സൈനികരെ ഇറാൻ പിടികൂടിയെന്ന പ്രചാരണം അമേരിക്ക നിഷേധിച്ചു. അത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്ന് അമേരിക്കൻ കേന്ദ്ര സൈനിക കമാൻഡ് വ്യക്തമാക്കി.
ഇറാനിലെ സുരക്ഷാ മേധാവി അലി ലാരിജാനി സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രസ്താവനയിലാണ് ചില അമേരിക്കൻ സൈനികരെ പിടികൂടിയതായി വിവരം ലഭിച്ചുവെന്ന് പറഞ്ഞത്. ഇതിനെത്തുടർന്നാണ് അമേരിക്കൻ സൈനിക വിഭാഗം പ്രതികരണവുമായി രംഗത്തെത്തിയത്.
ഇറാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അമേരിക്കൻ നാവികസേനാ ഉദ്യോഗസ്ഥനും കേന്ദ്ര സൈനിക കമാൻഡിന്റെ വക്താവുമായ ടിം ഹോക്കിൻസ് പറഞ്ഞു. അമേരിക്കൻ സൈനികർ ആരെയും ഇറാൻ പിടികൂടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഈ അവകാശവാദവും അതിനെതിരായ നിഷേധവും പുറത്തുവന്നത്.
