ധാക്ക: രാഷ്ട്രീയ പ്രവര്‍ത്തകനായ ഒസ്മാന്‍ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ സഹായം ബംഗ്ലാദേശ് സര്‍ക്കാര്‍ ഔപചാരികമായി തേടിയതായി അറിയിച്ചു. 2024-ല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകൂടം തകരാന്‍ കാരണമായ അക്രമാസക്തമായ പ്രക്ഷോഭങ്ങളുടെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു ഒസ്മാന്‍ ഹാദി. ഫെബ്രുവരി എ്ട്ടിനാണ് യു എന്‍ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജനീവയിലെ ബംഗ്ലാദേശ് മിഷന്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസിന് നയതന്ത്ര കുറിപ്പ് കൈമാറിയതായി ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി. ന്യായവും പക്ഷപാതരഹിതവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തുന്നതിനുള്ള സഹായമാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അന്വേഷണത്തെ പിന്തുണയ്ക്കുന്നതിന് യു എന്‍ മനുഷ്യാവകാശ ഓഫിസിന്റെ സാങ്കേതികവും സ്ഥാപനാത്മകവുമായ സഹായം അഭ്യര്‍ഥിക്കുന്നതാണ് കുറിപ്പെന്ന് സര്‍ക്കാര്‍ പ്രസ് വിംഗ് വ്യക്തമാക്കി.
ഇന്‍ഖിലാബ് മോഞ്ചോയുടെ വക്താവായ 32കാരനായ ശരീഫ് ഒസ്മാന്‍ ഹാദി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നാണ് സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഡിസംബര്‍ 12ന് ധാക്കയിലെ പാല്താന്‍ പ്രദേശത്ത് ഒരു മസ്ജിദില്‍ നിന്ന് മടങ്ങുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ മുഖംമൂടി ധരിച്ച അജ്ഞാതര്‍ അദ്ദേഹത്തിന്റെ തലയില്‍ വെടിവെക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് വ്യോമമാര്‍ഗം മാറ്റിയെങ്കിലും ആറു ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു.
സിംഗപ്പൂരില്‍ നിന്ന് മൃതദേഹം തിരിച്ചെത്തിച്ചതിന് പിന്നാലെ മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ 2025 ഡിസംബര്‍ 20ന് ഒരുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഹാദിയുടെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്ന സംഘര്‍ഷാവസ്ഥ ശമിപ്പിക്കുന്നതിന്റെ ഭാഗമായി, ധാക്ക സര്‍വകലാശാല സെന്‍ട്രല്‍ മസ്ജിദിന് സമീപം ദേശീയകവി കാഴി നസ്റുല്‍ ഇസ്ലാമിന്റെ കബറിനരികെ ശരീഫ് ഒസ്മാന്‍ ഹാദിയെ സംസ്‌കരിക്കാന്‍ സര്‍ക്കാറും ധാക്ക സര്‍വകലാശാലയും അനുമതി നല്‍കി.
2024 ജൂലൈ പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലൊരാളായ ഹാദി 2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ധാക്ക-8 മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പ്രചാരണത്തിലായിരുന്നു. പ്രധാനമായും ഇന്ത്യ വിരുദ്ധ വികാരം ഉണര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാഷണങ്ങള്‍.
