ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാറിന്റെ വിശദാംശങ്ങൾ വാണിജ്യ മന്ത്രി പിയൂഷ്‌ഗോയൽ വിശദീകരിച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാൻമോർച്ച (എസ്‌കെഎം) രംഗത്തെത്തി. കരാറിൽ ഒപ്പിടരുതെന്ന് പ്രധാനമന്ത്രിയോടും കർഷക സംഘടന ആവശ്യപ്പെട്ടു.
അമേരിക്കൻ കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് മുന്നിൽ സർക്കാർ പൂർണമായി കീഴടങ്ങിയെന്നാണ് എസ്‌കെഎമ്മിന്റെ ആരോപണം. കാലിത്തീറ്റയ്ക്കായി ഉപയോഗിക്കുന്ന ഡിഡിജി, ചുവന്നചോളം, വൃക്ഷഫലങ്ങൾ, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങൾ, സോയാബീൻ എണ്ണ, വൈൻ, മദ്യം തുടങ്ങിയവയെ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. ഇതോടെ രാജ്യത്തെ കാലിത്തീറ്റ വിപണി അമേരിക്കൻ കമ്പനികളുടെ കൈകളിലേക്കാകുമെന്നാണ് ആശങ്ക.
കോട്ടൺ ഇറക്കുമതി ഇളവ് ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർക്ക് വലിയ തിരിച്ചടിയാകുമെന്ന് ആപ്പിൾ, പരുത്തി കർഷകനേതാക്കൾ പറഞ്ഞു. ഫെബ്രുവരി 12ന് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്കിന് പിന്തുണ നൽകാനും കർഷകരോട് എസ്‌കെഎം ആഹ്വാനം ചെയ്തു.
കാർഷിക-ഡയറി മേഖലകൾ കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന വാണിജ്യ മന്ത്രിയുടെ വാദം തെറ്റാണെന്നും, യുകെ, ന്യൂസിലാൻഡ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള കരാറുകളിൽ ഡയറി ഉൽപ്പന്നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്‌കെഎം ഉന്നയിച്ചത്. കർഷകരെ വഞ്ചിച്ചുവെന്നാരോപിച്ച് പിയൂഷ്‌ഗോയലിനെ 'വിശ്വാസ വഞ്ചകൻ' എന്ന് വിശേഷിപ്പിച്ച സംഘടന അദ്ദേഹ ഉടൻ സ്ഥാനം ഒളിയണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ തീരുവ 2023-24ൽ 3 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർന്നുവെന്നും, മറുവശത്ത് അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന 30 മുതൽ 150 ശതമാനം വരെയുള്ള തീരുവ ശൂന്യമായതായും എസ്‌കെഎം ചൂണ്ടിക്കാട്ടി. ഇതോടെ ഇന്ത്യൻ കൃഷി അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളുടെ പിടിയിലാകുമെന്നുംനേതാക്കൾ പറഞ്ഞു.
ജമ്മു കശ്മീരിലെയും ഹിമാചൽ പ്രദേശിലെയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ കരാർ വൻ ആഘാതമുണ്ടാക്കുമെന്ന് ആപ്പിൾ കർഷക ഫെഡറേഷൻ നേതാവും എംഎൽഎയുമായ എം.വൈ. താരിഗാമി വ്യക്തമാക്കി. പരുത്തി കർഷകരുടെ സാഹചര്യവും കൂടുതൽ വഷളാകുമെന്ന് മഹാരാഷ്ട്രയിലെനേതാക്കളും മുന്നറിയിപ്പ് നൽകി.
ഇന്ത്യ-യുഎസ് വ്യാപാര കരാർ: പിയൂഷ്‌ഗോയൽ രാജിവെക്കണം; കരാറിൽ ഒപ്പിടരുതെന്ന് പ്രധാനമന്ത്രിയോട് സംയുക്ത കിസാൻമോർച്ച
