ഇന്ത്യ- യു എസ് വ്യാപാര കരാര്‍ കീഴടങ്ങലെന്ന് കോണ്‍ഗ്രസ്

ഇന്ത്യ- യു എസ് വ്യാപാര കരാര്‍ കീഴടങ്ങലെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ഇന്ത്യ- യു എസ് വ്യാപാര കരാര്‍ ഒരു കരാറല്ല, മറിച്ച് രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെയും താത്പര്യങ്ങളുടെയും കീഴടങ്ങലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും വഞ്ചിക്കുന്ന നടപടിയാണെന്നും പാര്‍ട്ടി ആരോപിച്ചു.

കോണ്‍ഗ്രസിന്റെ മാധ്യമപ്രചാരണ വിഭാഗം മേധാവി പവന്‍ ഖേര നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ കരാറിലൂടെ ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഡമ്പിങ് കേന്ദ്രമായി മാറുമെന്നും അതുവഴി രാജ്യത്തെ കര്‍ഷകരുടെയും ചെറുകിടഇടത്തരം വ്യവസായങ്ങളുടെയും താത്പര്യങ്ങള്‍ക്ക് ഗുരുതരമായി തിരിച്ചടിയുണ്ടാകുമെന്നും പറഞ്ഞു.

കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യ നിലകൊണ്ട എല്ലാ മൂല്യങ്ങളോടും ഈ കരാര്‍ വഞ്ചനയാണ് കാണിച്ചത്. ഇത് നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കരാറല്ല. നരേന്ദ്ര മോഡി നടത്തിയ പൂര്‍ണമായ കീഴടങ്ങലാണിതെന്ന് ഖേര ആരോപിച്ചു.

ഈ കരാറിലൂടെ ഇന്ത്യയെ ഒരു ഡമ്പിങ് ഗ്രൗണ്ടാക്കി മാറ്റിയിരിക്കുന്നുവെന്നും താന്‍ ഇതിനെ ഒരു 'കരാര്‍' എന്ന് വിളിക്കാനാഗ്രഹിക്കുന്നില്ലെന്നും കാരണം കരാര്‍ സമാനരായ കക്ഷികള്‍ തമ്മില്‍ ചര്‍ച്ചയിലൂടെ ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തലക്കു തോക്കുവെച്ച് നടത്തുന്ന ഒന്നിനെ കരാര്‍ എന്ന് വിളിക്കാനാവില്ല. ഇത് ബ്ലാക്ക്‌മെയിലാണ്, ഇത് കീഴടങ്ങലാണ്- അദ്ദേഹം പറഞ്ഞു.

വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പാല്‍ ഉത്പന്നങ്ങളില്‍ ഇന്ത്യ ഒരു തരത്തിലുമുള്ള തീരുവ ഇളവുകളും നല്‍കിയിട്ടില്ലെന്നും കൃഷി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ശൂന്യ പരസ്പര തീരുവ ലഭിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്.

ഇന്ത്യയും അമേരിക്കയും ഇരുരാജ്യങ്ങളിലെയും വ്യാപാരം വര്‍ധിപ്പിക്കുന്നതിന് നിരവധി ഉത്പന്നങ്ങളിലെ ഇറക്കുമതി തീരുവകള്‍ കുറയ്ക്കുന്ന ഇടക്കാല വ്യാപാരകരാറിന്റെ ചട്ടക്കൂടില്‍ ധാരണയിലെത്തിയതായി പ്രഖ്യാപിച്ചിരുന്നു.

ഈ കരാര്‍ അമേരിക്കയുമായുള്ള ഒരു കരാറല്ലെന്നും മറിച്ച് നമ്മുടെ ആത്മാഭിമാനത്തോടും കര്‍ഷകരുടെയും ചെറുകിട- മധ്യവര്‍ഗ്ഗ  താത്പര്യങ്ങളോടും നടത്തിയ ഒത്തുതീര്‍പ്പാണെന്നും  ഖേര പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകാലത്താണ് ഇന്ത്യ അമേരിക്കയുടെ ഡമ്പിങ് കേന്ദ്രമായി മാറിയതെന്ന് ആരോപിച്ച ഖേര ഈ കരാര്‍ കര്‍ഷകരുടെ നടുവൊടിച്ച് തകര്‍ക്കുമെന്നും രാജ്യത്തെ കൃഷി എങ്ങനെ നശിപ്പിക്കപ്പെടുമെന്ന് വരാനിരിക്കുന്ന ദിവസങ്ങള്‍ തെളിയിക്കുമെന്നും പറഞ്ഞു.

ബി ജെ പി നയിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് ഖേര, സൈനിക സംഘര്‍ഷങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതോ വ്യാപാരകരാറുകള്‍ പ്രഖ്യാപിക്കുന്നതോ ഉള്‍പ്പെടെ എല്ലാ നിര്‍ണായക തീരുമാനങ്ങളും ഇപ്പോള്‍ അമേരിക്കയില്‍ നിന്നാണെന്ന് ആരോപിച്ചു. വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വിദേശയാത്ര നടത്താതെയായിരുന്നു ഈ കരാര്‍ ഒപ്പുവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യവും സര്‍ക്കാരും മുഴുവന്‍ അമേരിക്കന്‍ ടൈംസോണിന് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലധികം ദുഃഖകരമായ കാര്യമൊന്നുമില്ല. മേശയ്ക്കരികില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന രണ്ടു പങ്കാളികള്‍ക്കിടയിലെ ധാരണയാണ് കരാര്‍. ബ്ലാക്ക്‌മെയിലിലൂടെ ഉണ്ടാകുന്നതല്ല. അതാണ് കീഴടങ്ങല്‍. പേര് നരേന്ദ്ര, പ്രവൃത്തി കീഴടങ്ങല്‍. ഈ കരാര്‍ അത് വീണ്ടും തെളിയിക്കുന്നുവെന്നും ഖേര ആരോപിച്ചു.

പ്രധാനമന്ത്രി മറ്റേതെങ്കിലും രാജ്യത്തിന് മുമ്പില്‍ കീഴടങ്ങുന്നത് കോണ്‍ഗ്രസിന് വേദനാജനകമാണെന്നും അത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ താത്പര്യങ്ങള്‍ മുന്‍പ് പലതവണയും മോഡി മറ്റ് രാജ്യങ്ങള്‍ക്കു മുന്നില്‍ 'സമര്‍പ്പിച്ചിട്ടുണ്ടെന്നും' ഖേര ആരോപിച്ചു.

ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന നരേന്ദ്ര മോഡിയെ നിങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും പറഞ്ഞ ഖേര എന്നാല്‍ അമേരിക്കയില്‍ നിന്ന് സമാനമായ ഒരു പ്രതിബദ്ധതയും ഇല്ലെന്നും ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള വാര്‍ഷിക 40- 42 ബില്യണ്‍ ഡോളറായിരുന്ന ഇറക്കുമതി ബില്‍ ഇനി 100 ബില്യണ്‍ ഡോളറായി ഉയരുമെന്നും ഖേര പറഞ്ഞു.

രൂപയുടെ നിലയും സമ്പദ്വ്യവസ്ഥയുടെ അവസ്ഥയും നിങ്ങള്‍ക്കറിയാം. ഈ പണം എവിടെ നിന്നാണ് വരുന്നത്? എന്തൊക്കെ ഉത്പന്നങ്ങളാണ് വാങ്ങാന്‍ പോകുന്നത്? എന്തൊക്കെ വാങ്ങില്ലെന്ന് മന്ത്രി പട്ടിക വായിച്ചു. എന്നാല്‍ എന്തൊക്കെ വരുമെന്നും എന്തൊക്കെ ഇവിടെ തള്ളിക്കയറ്റപ്പെടുമെന്നും ഉള്ള പട്ടിക വളരെ സൗകര്യപൂര്‍വം മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മുമ്പ് ഇന്ത്യ അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും കണ്ണില്‍ കണ്ണുനോക്കി ചര്‍ച്ച നടത്തിയിരുന്നുവെന്നും ഖേര പറഞ്ഞു.

കരാര്‍ പ്രകാരം, അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങളിലെ തീരുവ നിലവിലെ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കും. അതേസമയം, അമേരിക്കന്‍ വ്യവസായ ഉത്പന്നങ്ങള്‍ക്കും നിരവധി ഭക്ഷ്യ- കൃഷി ഉത്പന്നങ്ങള്‍ക്കും ഇന്ത്യ ഇറക്കുമതി തീരുവ ഒഴിവാക്കുകയോ വന്‍തോതില്‍ കുറയ്ക്കുകയോ ചെയ്യും.

സംയുക്ത പ്രസ്താവന പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഊര്‍ജ്ജ ഉത്പന്നങ്ങള്‍, വിമാനങ്ങളും വിമാന ഭാഗങ്ങളും, വിലയേറിയ ലോഹങ്ങള്‍, സാങ്കേതിക ഉത്പന്നങ്ങള്‍, കല്‍ക്കരി എന്നിവ വാങ്ങാനുള്ള ഉദ്ദേശം ഇന്ത്യ അറിയിച്ചിട്ടുണ്ട്.