ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ 1983ല്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിനുമുമ്പ് 1980ല്‍ തന്നെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പരാതി രാഷ്ട്രീയ പ്രേരിതവും മറ്റു ലക്ഷ്യങ്ങളോടെയുമാണ് സമര്‍പ്പിച്ചതെന്ന് അവരുടെ അഭിഭാഷകര്‍ ശനിയാഴ്ച ഡല്‍ഹി കോടതിയെ അറിയിച്ചു.
മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിച്ചുവരുന്ന പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെയ്ക്ക് മുമ്പാകെയാണ് സോണിയ ഗാന്ധിയുടെ ഭാഗത്തുനിന്നുള്ള മറുപടി സമര്‍പ്പിച്ചത്. ആരോപണം അന്വേഷിക്കാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് ഈ ഹര്‍ജി.
മറുപടി സമര്‍പ്പിച്ചതിന് ശേഷം, കേസ് തുടര്‍നടപടികള്‍ക്കായി ഫെബ്രുവരി 21ലേക്ക് മാറ്റി.
റൗസ് അവന്യൂ കോടതികളിലെ സെന്‍ട്രല്‍ ഡല്‍ഹി കോടതി ബാര്‍ അസോസിയേഷന്റെ ഉപാധ്യക്ഷന്‍ കൂടിയായ അഭിഭാഷകന്‍ വികാസ് ത്രിപാഠി സമര്‍പ്പിച്ച പരാതിയെയാണ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയത്.
ശനിയാഴ്ച സോണിയ ഗാന്ധിയുടെ അഭിഭാഷകരായ തരന്നും ചീമ, കനിഷ്‌ക സിംഗ്, ആകാശ് സിംഗ് എന്നിവര്‍ സമര്‍പ്പിച്ച മറുപടിയില്‍ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റിദ്ധാരണാപരവും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവും നിയമ നടപടികളുടെ ദുരുപയോഗവുമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട അഭിഭാഷകര്‍ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ അധികാര പരിധിയിലാണെന്നും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിലാണെന്നും മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചുവെന്ന് വാദിച്ചു.
ഐ പി സി/ ബി എന്‍ എസ് വകുപ്പുകള്‍ മറയാക്കി സമര്‍പ്പിക്കുന്ന സ്വകാര്യ പരാതികള്‍ പരിഗണിച്ച് ക്രിമിനല്‍ കോടതികള്‍ക്ക് ഈ അധികാരങ്ങള്‍ കൈകാര്യം ചെയ്യാനാവില്ല. അധികാര വിഭജന സിദ്ധാന്തം ഇതിന് തടസ്സമാണ്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 329 ലംഘിക്കുന്നതുമാകും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ന്യായപരമായ ഇടപെടല്‍ അതിലൂടെ നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നും മറുപടിയില്‍ പറയുന്നു.
25 വര്‍ഷത്തിലേറെ മുമ്പ് ഉയര്‍ന്ന വിവാദം വീണ്ടും ഉയര്‍ത്തിയതാണെന്നും പരാതിക്ക് പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നും പറയുന്നു.
1980ല്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അവകാശവാദം. എന്നാല്‍ അപേക്ഷയുടെ തിയ്യതി, സത്യവാങ്മൂല വിശദാംശങ്ങള്‍, ഉള്ളടക്കം എന്നിവയെക്കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. ആ അപേക്ഷയുടെ പകര്‍പ്പ് പോലും പരാതിയോടൊപ്പം നല്‍കിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
അടിസ്ഥാന വസ്തുതകള്‍ പോലും ഉന്നയിക്കാതെ കല്‍പ്പിതവും പ്രേരിതവുമായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
ഫോം 6 സമര്‍പ്പിച്ചാല്‍ മാത്രമാണ് ഒരാളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതെന്ന ധാരണ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
40 വര്‍ഷത്തിലധികം കഴിഞ്ഞ സാഹചര്യത്തില്‍ വിശ്വസനീയമായ തെളിവുകള്‍ കണ്ടെത്തി സമര്‍പ്പിക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്ന് വ്യക്തമാണ്. ഇത്രയും പഴക്കമുള്ള ആരോപണങ്ങള്‍ പരിഗണിക്കരുതെന്ന് നിയമപരമായി വ്യക്തമാണ്. ഇത്തരത്തിലുള്ള ദുഷ്‌പ്രേരിത നിയമനടപടികള്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ലംഘിക്കുന്നതാണെന്നും മറുപടിയില്‍ വാദിക്കുന്നു.
