യുദ്ധഭീഷണിയിൽ യു.എ.ഇ; സാമ്പത്തിക സുരക്ഷയ്ക്കായി അമേരിക്കയോട് സഹായം തേടി

യുദ്ധഭീഷണിയിൽ യു.എ.ഇ; സാമ്പത്തിക സുരക്ഷയ്ക്കായി അമേരിക്കയോട് സഹായം തേടി


വാഷിംഗ്ടൺ :  ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ അമേരിക്കയുമായി ധനസഹായ ചർച്ചകൾ ആരംഭിച്ച് യുഎഇ. 
യു.എ.ഇ. സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ, അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് എന്നിവർ വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി സാധ്യതകൾ പരിശോധിച്ചതായി യു.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു.

യുദ്ധത്തിന്റെ ആഘാതം ഇതുവരെ നിയന്ത്രണവിധേയമാണെങ്കിലും, സാഹചര്യം വഷളായാൽ വിദേശ നാണയശേഖരം കുറയാനും നിക്ഷേപകരുടെ വിശ്വാസം തകരാനും സാധ്യതയുണ്ടെന്നാണ് യുഎഇയുടെ ആശങ്ക. പ്രത്യേകിച്ച്, ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കയറ്റുമതി തടസ്സപ്പെട്ടതോടെ ഡോളർ വരുമാനത്തിൽ കുറവ് ഉണ്ടായത് വലിയ തിരിച്ചടിയായി.

ഇതിനിടെ, ഡോളറിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭ്യമാക്കുന്ന 'കറൻസി സ്വാപ്പ്' സംവിധാനത്തെക്കുറിച്ചാണ് യുഎഇ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് നടപ്പായാൽ സാമ്പത്തിക സമ്മർദ്ദം നേരിടാൻ സഹായകരമാകും. എന്നാൽ ഇതുവരെ ഔദ്യോഗിക അപേക്ഷ നൽകിയിട്ടില്ലെന്നും ഇത് മുൻകരുതൽ നടപടിയായാണ് പരിഗണിക്കുന്നതെന്നും അറിയുന്നു.

അതേസമയം, അമേരിക്കയുടെ ഇറാൻ ആക്രമണമാണ് ഈ പ്രതിസന്ധിയിലേക്ക് തങ്ങളെ നയിച്ചതെന്ന് യുഎഇ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഡോളർ ക്ഷാമം നേരിട്ടാൽ ചൈനീസ് യുവാൻ പോലുള്ള മറ്റ് നാണയങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന മുന്നറിയിപ്പും അവർ നൽകി. ഇത് ആഗോളതലത്തിൽ ഡോളറിന്റെ പ്രാധാന്യത്തെയും ബാധിക്കാനിടയുണ്ട്.

യുദ്ധം യുഎഇയുടെ എണ്ണവാതക അടിസ്ഥാനസൗകര്യങ്ങൾക്കും തിരിച്ചടിയായിട്ടുണ്ട്. വിദേശ നിക്ഷേപം കുറഞ്ഞതും വിപണിയിലെ അനിശ്ചിതത്വവും സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്നു. എന്നാൽ ശക്തമായ ധനശേഷി രാജ്യത്തിന് ഒരു പരിധിവരെ പ്രതിരോധമായി പ്രവർത്തിക്കുമെന്ന വിലയിരുത്തലുണ്ട്.

ഇതിനിടെ, ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടാൻ മുൻകരുതൽ നടപടികൾ ശക്തമാക്കുകയാണ്. അന്താരാഷ്ട്ര നാണയനിധി, ലോക ബാങ്ക് യോഗങ്ങളുടെ പശ്ചാത്തലത്തിൽ അടിസ്ഥാന സൗകര്യ പുനർനിർമ്മാണത്തിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അമേരിക്ക ഉറപ്പുനൽകിയിട്ടുണ്ട്.

യുദ്ധം നീണ്ടാൽ ഗൾഫ് മേഖലയിലെ സാമ്പത്തിക പുനരുജ്ജീവനം വൈകുമെന്ന മുന്നറിയിപ്പും ഉയരുന്നു. എണ്ണ വിതരണത്തിൽ ഉണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.