ടെഹ്രാൻ: അമേരിക്കയുടെ പിന്തുണയോടെ പാകിസ്താനിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറാമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ചർച്ചകളെക്കുറിച്ചാണ് ഇറാൻ നിലപാട് കടുപ്പിച്ചത്.
അമേരിക്കയുടെ 'അതിരുവിട്ട ആവശ്യങ്ങൾ, യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ, നിലപാടിലെ നിരന്തര മാറ്റങ്ങൾ, പരസ്പരവിരുദ്ധ പ്രസ്താവനകൾ, തുടരുന്ന നാവിക ഉപരോധം' എന്നിവയാണ് ചർച്ചകളിൽ നിന്ന് പിന്മാറാനുള്ള കാരണം എന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കുന്നത്. ഈ ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം, ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം തിങ്കളാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ എത്തുമെന്ന് ട്രംപ് അറിയിച്ചു. മുൻപ് നടന്ന ചർച്ചകളിലും ഇറാൻ അവസാന നിമിഷം വരെ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ഒടുവിൽ അവർ പങ്കെടുത്തിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
അമേരിക്ക-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ; പാകിസ്താനിലെ കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ
