സുരക്ഷാ ആശങ്കയില്‍ അലി ഖംനേയിയുടെ ശവസംസ്‌ക്കാരം വൈകുന്നു

സുരക്ഷാ ആശങ്കയില്‍ അലി ഖംനേയിയുടെ ശവസംസ്‌ക്കാരം വൈകുന്നു


തെഹ്‌റാന്‍: സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് ഇറാന്‍  മുന്‍ പരമോന്നത നേതാവ് അലി ഖംനേയിയുടെ ശവസംസ്‌കാരം വൈകുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 28നാണ് യു എസ്- ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ 86കാരനായ ഖംനേയി കൊല്ലപ്പെട്ടത്. ഇത് മേഖലയില്‍ വ്യാപകമായ സംഘര്‍ഷത്തിന് കാരണമായി. 

ഒന്നര മാസത്തിലേറെയായി ഖംനേയിയുടെ ശവസംസ്‌കാരം നടക്കാത്തത് ഇറാനിലെ സ്ഥാപിത പാരമ്പര്യങ്ങളില്‍ നിന്നുള്ള വ്യതിചലനത്തെയാണ് സൂചിപ്പിക്കുന്നത്. സംഘര്‍ഷങ്ങള്‍ തുടരുന്നതും കൂടുതല്‍ വഷളാകുമെന്ന ഭയവും കാരണമാണ് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശവസംസ്‌ക്കാരം നടത്തുന്നതില്‍ നിന്നും അധികൃതര്‍ മാറി നില്‍ക്കുന്നത്. 

ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിലെ വിശകലന വിദഗ്ധന്‍ ബെഹ്നാം തലേബ്ലുവിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് തെഹ്റാനില്‍ ഉന്നത പൊതു ചടങ്ങ് സംഘടിപ്പിക്കുന്നത് നിലവിലുള്ള സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. 

നേരത്തെ രാജ്യവ്യാപകമായി ഉണ്ടായതുപോലുള്ള പ്രതിഷേധങ്ങളെക്കുറിച്ചുള്ള ഭയം, പരമോന്നത നേതാവായി ചുമതലയേറ്റതായി പറയപ്പെടുന്ന മൊജ്തബ ഖംനേയിയുടെ അഭാവത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ സര്‍ക്കാര്‍ നേരിടുന്നുണ്ടെന്ന് തലേബ്ലു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മൊജ്തബ ഖംനേയി പരമോന്നത നേതാവായി ചുമതലയേറ്റതായി പറയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ബദല്‍ ക്രമീകരണങ്ങളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദില്‍ ശവസംസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദി ഓസ്ട്രേലിയന്‍ റിപ്പോര്‍ട്ട് പ്രകാരം ഖംനേയയുടെ ജന്മദേശമാണ് മഷ്ഹദ് ഇസ്രായേലില്‍ നിന്നും ദൂരത്തായതിനാല്‍ പ്രതീകാത്മക പ്രാധാന്യവും കൂടുതല്‍ സുരക്ഷയും ലഭ്യമാകും. 

ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഈ നഗരത്തില്‍ ഷിയ മുസ്‌ലിംകളുടെ പുണ്യസ്ഥലങ്ങളിലൊന്നായ ഇമാം റെസയുടെ ദേവാലയമുണ്ട്. ഇതിനകം തന്നെ ശക്തമായ സുരക്ഷാ സാന്നിധ്യമുള്ള ദേവാലയത്തിന് സമീപം ഖംനേയിയെ അടക്കം ചെയ്യുന്നതാണ് ഒരു നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുന്നതിനാല്‍ എപ്പോള്‍, എവിടെ ശവസംസ്‌കാരം നടക്കും എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.