കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യയെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി അഴീക്കോട് ഡെന്റൽ കോളജ് രംഗത്ത്. വിദ്യാർത്ഥിയുടെ മരണത്തിൽ കോളജിനോ അധ്യാപകർക്കോ യാതൊരു പങ്കുമില്ലെന്നും, മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുകയാണെന്നും കോളജ് പുറത്തിറക്കിയ നോട്ടിസിൽ വ്യക്തമാക്കി.
നിതിൻ രാജ് മരണത്തിന് മുമ്പ് കോളജിനെതിരെ യാതൊരു പരാതിയും നൽകിയിട്ടില്ലെന്നും നോട്ടിസിൽ പറയുന്നു. ലോൺ സംബന്ധമായ വിഷയത്തിൽ ഒരു അധ്യാപികയ്ക്ക് നിരന്തരം ഫോൺവിളികളും സന്ദേശങ്ങളും വന്നതിനെ തുടർന്ന് വിശദീകരണം തേടാനാണ് നിതിനെ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് വിളിപ്പിച്ചതെന്ന് കോളജ് വ്യക്തമാക്കി. സഹോദരീഭർത്താവിനുവേണ്ടിയാണ് ലോൺ എടുത്തതെന്നായിരുന്നു നിതിന്റെ വിശദീകരണം.
ലോൺ ആപ്പിൽ റഫറൻസായി നൽകിയ അധ്യാപികയുടെ പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും, അത് താനല്ല നൽകിയതെന്ന നിലപാടിലായിരുന്നു നിതിൻ. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പരാതി തയ്യാറാക്കുന്നതിനിടെ നിതിൻ മുറിയിൽനിന്ന് പുറത്തുപോയി മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നുവെന്നും കോളജ് വിശദീകരിച്ചു.
കോളജിന് പുറത്തുണ്ടായ ചില പ്രശ്‌നങ്ങളിൽ നിതിനെതിരെ നടപടികൾ വന്നപ്പോൾ വിദ്യാർത്ഥിയെ സഹായിക്കാൻ ശ്രമിച്ചതായും, രക്ഷിതാവിനെ വിളിച്ച് കൗൺസലിങ് നൽകാൻ ഒരുക്കം നടത്തിയതായും നോട്ടിസിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാവ് കോളജിലും പൊലീസ് സ്റ്റേഷനിലും എഴുതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
ഇതിനിടെ, ആരോപണവിധേയനായ ഡോ. റാമിനെതിരെ കോളജിന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും, കോളജ് ഭൂമി കയ്യേറിയതായുള്ള വാർത്തകളും അസത്യമായാണെന്നും അധികൃതർ വ്യക്തമാക്കി.
നിതിൻ രാജിന്റെ ആത്മഹത്യ: ആരോപണങ്ങൾ നിഷേധിച്ച് അഴീക്കോട് ഡെന്റൽ കോളജ്
