പാലക്കാട്: തമിഴ്‌നാട് അതിർത്തിയിലെ ഷോളയാർ ഡാം സമീപത്ത് വയോധികയെ പുലി ആക്രമിച്ച് കൊന്നു. ഡാമിന് സമീപം താമസിച്ചിരുന്ന ഇന്നാസി അമ്മാൾ (90) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 5 മണിയോടെ മകൻ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഇന്നാസി അമ്മാളെ അവസാനമായി കണ്ടത്. തുടർന്ന് രാത്രി തിരികെ എത്തിയപ്പോൾ അമ്മയെ കാണാതായതായി മനസ്സിലായി. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല.
ഇന്ന് പുലർച്ചെയാണ് റോഡിനോട് ചേർന്നുള്ള കാടിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരുടെ പരിശോധനയിലാണ് പുലി ആക്രമിച്ചതാണെന്ന് സ്ഥിരീകരിച്ചത്.
പെട്ടിക്കട നടത്തി ജീവിച്ചിരുന്ന ഇന്നാസി അമ്മാളിന് നാല് മക്കളുണ്ട്. പ്രദേശത്ത് ഭീതിയുണർത്തിയ സംഭവത്തെ തുടർന്ന് വനവകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ ശക്തമാക്കി.
ഷോളയാർ ഡാം പരിസരത്ത് വയോധികയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി
