അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് അടുത്ത ഘട്ടത്തിനായി ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. അന്തിമ ധാരണയ്ക്ക് മുമ്പ് ഒരു അടിസ്ഥാന ചട്ടക്കൂട് തയ്യാറാക്കേണ്ടതുണ്ടെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി സയീദ് ഖതീബ് സാദേ വ്യക്തമാക്കി. തുർക്കിയിലെ അന്റാല്യയിൽ നടന്ന ഡിപ്ലോമസി ഫോറത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചകൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും അമേരിക്കയുടെ 'അതിരു കടന്ന ആവശ്യങ്ങൾ' കാരണം കരാറിലേക്ക് എത്താനായിട്ടില്ലെന്ന് ഖതീബ്‌സാദെ ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി ഇറാനെ പ്രത്യേകമായി പരിഗണിക്കാൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാന കരാറിന്റെ വ്യവസ്ഥകൾ പാലിക്കാതെയെങ്കിൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.
ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. 'സന്മാർ ഹെറാൾഡ്, 'ജാഗ് അർണവ്' എന്നീ കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വെടിവെച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ കപ്പലുകൾ യാത്ര മധ്യേ നിർത്തി തിരിച്ചുപോയി.
സംഭവത്തെ തുടർന്ന് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതി മൊഹമ്മദ് ഫത്തേ അലിബ്‌സിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ത്യയുടെ 'ഗൗരവമായ ആശങ്കയും അതൃപ്തിയും' രേഖപ്പെടുത്തി.
അതേസമയം, വെടിവെപ്പ് 'അബദ്ധത്തിൽ സംഭവിച്ചതാണ് ' എന്നാണ് ഇറാൻ ഭാഗത്തിന്റെ വിശദീകരണം. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുമാണ് ഇറാൻ പ്രതിനിധികൾ വ്യക്തമാക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകിയിട്ടുണ്ടായിരുന്ന സാഹചര്യത്തിൽ ഇത്തരം സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ, വെടിവെപ്പ് നേരിട്ട ഇന്ത്യൻ പതാകയേന്തിയ കപ്പലിന്റെ ക്യാപ്റ്റൻ സഹായം അഭ്യർത്ഥിക്കുന്ന ഓഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
മറ്റൊരുവശത്ത്, ഇസ്രയേൽ ആക്രമണത്തിൽ തകർന്ന റോഡുകളും പാലങ്ങളും പുനരുദ്ധരിച്ചതായി ലെബനനിൽ ലെബനീസ് ആംഡ് ഫോഴ്‌സസ് അറിയിച്ചു. ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ തുടരുന്നതിനിടെയാണ് ഈ നടപടി.
വെടിനിർത്തൽ കാലാവധി അടുത്തെത്തിയിട്ടും ചർച്ചകൾക്ക് വ്യക്തതയില്ലാത്തതിനാൽ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ഇറാൻ-അമേരിക്ക ചർച്ചകൾക്ക് തീയതി നിശ്ചയിച്ചില്ല; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ ആശങ്ക
